✍️ ലിബി. സിഎസ്
സനാതന ധർമ്മത്തിനെതിരെ നിലപാടെടുത്ത ഉദയനിധി സ്റ്റാലിനെതിരെ കുരച്ചുകൊണ്ട് തുഷാർ വെള്ളാപ്പള്ളി രംഗത്ത് വന്നത് ചിലരെല്ലാം സോഷ്യൽമീഡിയയിൽ അതിശയത്തോടെ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. ഇതിൽ അതിശയിക്കാനൊന്നുമില്ല. നവോത്ഥാന ചരിത്രത്തിൽ ഇതുപോലുള്ള കോടാലികൾ ധാരാളമുണ്ടായിരുന്നു.
ലോകത്തിലെ ഏക ഹിന്ദു സ്റ്റേറ്റ് ആയിരുന്ന തിരുവിതാംകൂർ ഭരണകൂടം ആരാണ് തീണ്ടൽ ജാതിയെന്ന് വിളംമ്പരം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ മുപ്പത് ജാതികൾപ്പെടും. ആദിദ്രാവിഡർ, അലവൻ, അരയൻ, ഭരതർ, ചെക്കാരവൻ, ചെക്കിലയൻ, ചാവാലക്കാരൻ, ഈഴവൻ, ഈഴവത്തി, കാക്കാലൻ, കണിയാൻ, കാവതി, കുറവൻ, മരക്കാൻ, മറവൻ, മുക്കുവൻ, നാടാർ, നുളയൻ, പാലൻ, പാണൻ, പണിക്കൻ, പറവൻ, പറയൻ, പുലയൻ, പുള്ളുവൻ, തണ്ടാൻ, തണ്ടപുലയൻ, വാലൻ, വേലൻ, വേടൻ ഇവരെത്ര പഞ്ചശൗചങ്ങൾ പാലിക്കുന്ന – മനശ്ശൗചം, കർമ്മശൗചം, കുലശൗചം, ശരീരശൗചം, വാക്ശൗചം- നമ്പൂതിരിക്കും മറ്റു സവർണ്ണനും വേണ്ടി അകന്നു നിക്കേണ്ടവർ എന്ന്. ഈ മുപ്പതിൽ പെടാത്തവരും ഉണ്ട് അവർ അകന്ന് നിൽക്കുക മാത്രമല്ല ദൃഷ്ടിയിൽ പെടാൻ പോലും പാടില്ലാത്തവരത്രെ. അബദ്ധവശാൽ പെട്ടാൽ മഹാഅശുദ്ധിയും പാപവുമാണ്. ദൃഷ്ടിയിൽ പെടാവുന്നവരാണ് ഈ മുപ്പതു ജാതികൾ.
അയിത്തക്കാർ അവരുടെ വരവ് അറിയിക്കാൻ അവർണ്ണനും, അയിത്തക്കാർ ദൂരെ മാറുക എന്നറിയിക്കാൻ സവർണ്ണരും ഓരോ ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഈ കലാപരിപാടിയുടെ പേരാണ് ‘ഒച്ചാട്ട്’. ഒച്ചാട്ടുന്ന രീതിക്കും ആചാരങ്ങളും ജാതിവ്യത്യാസവുമുണ്ടായിരുന്നു. സവർണ്ണരാണെങ്കിൽ ‘ഹൊ’ ‘ ഹൊ ‘ എന്നൊ ‘ഹോയ് ‘ ‘ ഹോയ് ‘ എന്നൊ ആയിരിക്കണം. അയിത്തക്കാരിൽ ഈഴവരാണെങ്കിൽ ‘ തീണ്ടളേ’ ‘ തീണ്ടളേ’ എന്നാണ് ഒച്ചാട്ടേണ്ടത്. ദളിതരാണെങ്കിൽ ‘ ഏ’ ‘ ഏ ‘ എന്ന് വേണം ഒച്ചാട്ടാൻ. ഈ ഒച്ചകേട്ടാൽ ഓരോ അയിത്തക്കാരനും അവന് വിധിച്ച അകലങ്ങളിൽ മാറിപോവുകയൊ മാറിനിൽക്കുകയൊ ചെയ്തിരിക്കണമെന്നാണ് അന്നത്തെ ട്രാഫിക്ക് നിയമം.
അതിന്റെകൂടെയാണ് തീണ്ടൽ പലകകൾ സ്ഥാപിച്ച് ചിലപൊതുവഴികളെല്ലാം ഈഴവർക്കും പുലയ പറയ തുടങ്ങിയ ജാതികൾക്കും വിലക്ക് ഏർപ്പെടുത്തിയത്. “ഇവിടം മുതൽ ക്ഷേത്രസങ്കേതമായതിനാൽ ഈഴവ, പുലയ, പറയ തുടങ്ങിയ ജാതികൾക്ക് പ്രവേശം നിരോധിച്ചിരിക്കുന്നു” എന്നതായിരുന്നു ട്രാഫിക്ക് ബോഡുകളിൽ എഴുതിവെച്ചിരുന്നത്.
ഇതിനെതിരെ തീണ്ടൽ പലകകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് 1924 ഒക്ടോബർ രണ്ടിന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (ശ്രീമൂലം പ്രജാസഭ) ഈഴവ അംഗവും അന്നത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന മി. എന്‍. കുമാരൻ ഒരു പ്രമേയം കൊണ്ടുവന്നു. പ്രമേയത്തെ എതിർത്തു തോൽപിക്കാൻ എല്ലാ ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.
എന്‍. കുമാരന്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് ആദ്യം സംസാരിച്ചയാള്‍ ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു. ഫാദർ സിറിയക്ക് വെട്ടിക്കാപ്പള്ളി. തുടർച്ചയായ മൂന്നു ദിവസത്തെ ചർച്ചയ്ക്ക് ശേഷം വോട്ടിന് ഇട്ട പ്രമേയം. ഒരു വോട്ടിന് തള്ളി. ഈ ബില്ല് പരാജപ്പെടുത്തിയതും ഒരു ഈഴവനായിരുന്നു. ഡോ. പൽപ്പുവിന്റെ കുടുംബക്കാരനായ തച്ചകുടി പരമേശ്വരൻ. ഈഴവർക്കിടയിലെ കോടാലി എന്നാണ് പിന്നീട് ഇദ്ദേഹം അറിയപ്പെട്ടത്. ഈ തച്ചകുടിയെ സി കേശവൻ പിന്നീട് ഓടിച്ചിട്ട് തല്ലി. ആ തച്ചകുടി പരമേശ്വരൻറെ ജീൻ ഉള്ളവരാണ് അന്നും ഇന്നും ഈഴവരിൽ പൂരിപക്ഷം.