Mon. Nov 23rd, 2026

തിരുവനന്തപുരം: രണ്ടര മാസം മുമ്പു വിവാഹിതയായ നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടു. അരുവിക്കര മുള്ളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയാണ് മരിച്ചത്. ഞായറാഴ്ചപുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.

ഭര്‍തൃവീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രേഷ്മ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനേയും നാട്ടുകാരേയും വിളിച്ചു വരുത്തുകയായിരുന്നു. മുറി തുറന്നപ്പോള്‍ രേഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ നോട്ടുബുക്കില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഭര്‍ത്താവ് അക്ഷയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രേഷ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ അരുവിക്കര സ്റ്റേഷനില്‍ പരാതി നല്‍കി.


ആറ്റിങ്ങല്‍ സ്വദേശിയാണ് രേഷ്മ. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അക്ഷയ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.

കഴിഞ്ഞദിവസം രാത്രി 11-വരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അക്ഷയ് യുടെ വീട്ടില്‍ ഉണ്ടായിരുന്നു. ആദ്യ ഓണമായതിനാല്‍ ഓണക്കോടിയുമായി എത്തിയതായിരുന്നു. ഇവര്‍ പോയ ശേഷമായിരുന്നു ആത്മഹത്യ. നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.