✍️ ചന്ദ്രപ്രകാശ്.എസ്.എസ്
കേരളത്തില്‍ ആദ്യ സര്‍ക്കാര്‍ രൂപംകൊണ്ടശേഷമുള്ള 66 വര്‍ഷത്തിനിടെ നടക്കുന്ന 69 അം ഉപതിരഞ്ഞെടുപ്പിനാണ് പുതുപ്പള്ളിക്കാര്‍ സാക്ഷ്യം വഹിക്കുന്നത്. 1957ലെ ആദ്യ സര്‍ക്കാരിന്റെ കാലത്തുതന്നെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും ആരംഭിച്ചു1958 മെയ് 16ന് ദേവികുളത്തായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ്.
കോട്ടയം ജില്ലയില്‍ നിലവിലുള്ള ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഇതേവരെ അഞ്ച് മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. വാഴൂര്‍ (ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി) കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, പാലാ എന്നിവയ്ക്കൊപ്പം പുതുപ്പള്ളി കൂടി ചേരുമ്പോള്‍ ഈ മണ്ഡലങ്ങളുടെ എണ്ണം ആറ് ആകും.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴികാടന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ഇടിമിന്നലേറ്റു മരിച്ചതായിരുന്നു ഏറ്റുമാനൂര്‍ ഉപതിരഞ്ഞെടുപ്പിനു കാരണമായത്. ജില്ലയിലെ അവസാന ഉപതിരഞ്ഞെടുപ്പ് പാലായിലായിരുന്നു. ജില്ലയില്‍ നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണം ഇടതു മുന്നണിയും രണ്ടെണ്ണം കോണ്‍ഗ്രസ് മുന്നണിയും നേടി എന്നതാണ് ചരിത്രം.
തൃപ്പൂണിത്തുറയിലെ പരാജയത്തിനു ശേഷം സുരക്ഷിത മണ്ഡലം തേടി 1987ലാണ് ടി.കെ. രാമകൃഷ്ണൻ കോട്ടയം മണ്ഡലത്തിലെത്തുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാന എതിരാളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഈമ്പിലെ കുഞ്ഞുമുണ്ട്.
കുരുവിയായിരുന്നു സ്വതന്ത്രൻ്റെ ചിഹ്നം.
1987 മാർച്ച് 10 – ജീവനുള്ള ഒരു കുരുവിയെ തോളത്തിരുത്തി കോട്ടയം നഗരത്തിലെ കെ.കെ.റോഡിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് ഈമ്പിലെ കുഞ്ഞ്. ഇതിനിടയിൽ അദ്ദേഹത്തിന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീണ് തൽക്ഷണം മരിക്കുകയും ചെയ്തു. അതോടെ തിരഞ്ഞെടുപ്പ് മാറ്റി.
ഈമ്പിലെ കുഞ്ഞും കോട്ടയം നിയമസഭാമണ്ഡലവും, ടി.കെ.രാമകൃഷ്ണനും ചരിത്രത്തിൽ ഇടംനേടി. ആ തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നു. എം.എൽ.എ അല്ലാതിരുന്നിട്ടും ടി.കെ.രാമകൃഷ്ണൻ മന്ത്രിയായി. കോട്ടയത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടി.കെ.രാമകൃഷ്ണനെത്തിയത് മന്ത്രിയുടെ പരിവേഷവുമായാണ്. പൊരിഞ്ഞ പോരാട്ടത്തിൽ മന്ത്രി രാമകൃഷ്ണൻ വിജയിച്ചു.
വ്യത്യസ്ഥ പ്രവർത്തികളിലൂടെ ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ധാരാളം വ്യക്തികൾ കേരളത്തിലുണ്ട്. രാമദാസ് വൈദ്യർ, കലന്തൻഹാജി മുതൽ നിരവധിപേർ. എല്ലാ പ്രദേശത്തും എല്ലാക്കാലത്തും ഇത്തരക്കാരുണ്ടാകും. അക്കൂട്ടത്തിലൊരാളാണ് ഈമ്പിലെ കുഞ്ഞെന്ന വിളിപ്പേരുള്ള അലക്സാണ്ടർ ലൂക്കോസ്.
ബിഷപ്പ് എറിക് മുറിക് എന്നും അദ്ദേഹത്തിന് പേരുണ്ട്. മൂന്ന് പേരുകളുടെ ഉടമ. ഈമ്പിലെ കുഞ്ഞ് എന്നത് നാട്ടുകാരിട്ട ചെല്ലപ്പേര്. പിതാവിൻ്റെ കുടുംബപേരായ എറികാട്ടും മാതാവിൻ്റെ കുടുംബപേരായ മുറിയാനിക്കലും മുറിച്ചുച്ചേർത്താണ് എറിക് മുറിക് എന്ന പേരിൻ്റെ അടിസ്ഥാനം. എന്നിട്ട് സ്വയം പ്രഖ്യാപിത ബിഷപ്പായി. അങ്ങനെ അലക്സാണ്ടർ ലൂക്കോസ് ബിഷപ്പ് എറിക് മുറിക് ആയി.
ഈമ്പിലെ കുഞ്ഞിന് പല ഹോബികളുണ്ട്. അതിലൊന്നാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്നത്. കോട്ടയം പാർലമെൻറ് സീറ്റിലും കോട്ടയത്തെ നിയമസഭാ മണ്ഡലങ്ങളിലും നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചിരുന്നു. കുരുവിയാണ് മൂപ്പരുടെ ഇഷ്ടചിഹ്നം.
തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വമ്പിച്ച വാർത്താപ്രാധാന്യം നേടിയിരുന്നു. കോട്ടയം നഗരത്തിൽ മാത്രമല്ല, ജില്ലയിലാകെ സുപരിചിതനാണ് ഈമ്പിലെ കുഞ്ഞ്. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് കാഴ്ചവച്ച സ്വതസിദ്ധമായ രീതികളിലൂടെ കോട്ടയം നിവാസികളിൽ കൗതുകവും, ചിരിയും പകർന്നിരുന്നു. കലന്തൻ ഹാജിയെ പോലെ വളരെ വിചിത്രവും എടുത്താൽ പൊങ്ങാത്തതുമായ നിരവധി വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് അദ്ദേഹത്തിന്റെ പ്രകടനപത്രികയും. പത്രികയിലെ വാഗ്ദാനങ്ങൾ ചിരിക്കൊപ്പം ചിന്തയും ഉണർത്തി.
ഇന്ത്യൻ നേവിയിൽ ജോലി ചെയ്ത അദ്ദേഹം സർവീസ് കാലാവധി പൂർത്തിയാക്കാതെ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചയാളാണ്. എന്നാൽ വിരമിക്കൽ ഔദ്യോഗികമായിരുന്നില്ല. ജോലിയുപേക്ഷിച്ചു എന്ന് പറയുന്നതാണ് ശരി. നേവിയിൽ ജോലിയായിരുന്നതിനാൽ ജലപരിചയം അപാരമായിരുന്നു. മീനച്ചിലാറ്റിൻ്റെ പരിസരത്തോ സമീപത്തെ മറ്റ് ഏതെങ്കിലും ജലാശയങ്ങളിലോ ആരെങ്കിലും വെള്ളത്തിൽ മുങ്ങിയാൽ രക്ഷകനായി ഈമ്പിലെ കുഞ്ഞ് ഉണ്ടാകും. മുങ്ങിമരണം സംഭവിച്ച സ്ഥലങ്ങളിൽ മൃതദേഹം മുങ്ങിയെടുക്കും. മുങ്ങൽ വിദഗ്ദരെപ്പോലും തോൽപ്പിക്കത്തക്ക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു.
ആറ്റിലും കുളത്തിലും മറ്റ് ജലാശയങ്ങളിലും നിരവധി അഭ്യാസപ്രകടനങ്ങൾ നാട്ടുകാർക്ക് വേണ്ടി അവതരിപ്പിക്കുമായിരുന്നു. മുങ്ങാംകുഴിയിട്ട് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടൽ, വർഷകാലത്തെ കുത്തിയൊഴുക്കിൽ നിലയില്ലാതെ ഒഴുകുന്ന നദിയിൽ പാലത്തിൽ നിന്നും എടുത്തുചാടൽ തുടങ്ങിയവ ഇവയിൽ ചിലതാണ്. വാതുവച്ചും ജല അഭ്യാസങ്ങൾ പ്രകടിപ്പിച്ച് വിജയിച്ചിരുന്നു. മീൻപിടുത്തത്തിലും കമ്പമുണ്ടായിരുന്നു. വർഷകാലത്ത് വലവീശി മീനിനെ പിടിക്കുന്നതിനിടയിൽ വല്ല നീർക്കോലിയോ മറ്റ് ഏതെങ്കിലും ഇഴജന്തുക്കളോ വലയിൽ അകപ്പെട്ടാൽ അതിനെയെടുത്ത് കഴുത്തിലണിഞ്ഞ് പ്രദർശിപ്പിച്ച് കൈയടി നേടും.
കോട്ടയത്തെ ഒരു പ്രമുഖൻ്റെ ഷഷ്ഠിപൂർത്തി ആഘോഷം – കെങ്കേമമായ ആഘോഷ പരിപാടികൾ. അന്നേദിവസം അതേസമയം കോട്ടയം പട്ടണത്തിലെ ഒരു ഭിക്ഷക്കാരന്റെ ഷഷ്ഠിപൂർത്തി തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച് വേറിട്ട ആഘോഷമാക്കി ഈമ്പിലെ കുഞ്ഞ്. ഭിക്ഷക്കാരന് പുതിയ പാൻ്റ്സും, ഷർട്ടും, കോട്ടും വാങ്ങി നൽകി അവയൊക്കെ ധരിപ്പിച്ച് വമ്പിച്ച ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ പട്ടണത്തിലൂടെ ആനയിച്ചു.
തിരുനക്കര മൈതാനത്ത് മറ്റ് യാചകർക്കും ഗംഭീര സദ്യ. പിൽക്കാലത്ത് ഈ ഭിക്ഷക്കാരൻ മരണപ്പെട്ടപ്പോൾ ശവമടക്ക് മുതൽ എല്ലാറ്റിനും മുൻപന്തിയിൽ നിന്നതും ഈമ്പിലെ കുഞ്ഞ് തന്നെ.
ബിഷപ്പ് എറിക്ക് മുറിക്ക് ഭിക്ഷക്കാരനെ ‘വാഴ്ത്തപ്പെട്ടവനായി’ പ്രഖ്യാപിക്കുകയും ചെയ്തു. ഒരിക്കൽ ബിഷപ്പ് സ്വന്തം അർദ്ധകായ പ്രതിമയുണ്ടാക്കി. പട്ടണത്തിന്റെ പ്രധാനസ്ഥലത്ത് പ്രതിഷ്ഠിച്ചു. അസൂയാലുക്കൾ നോക്കിയിരുന്നില്ല. അവർ പ്രതിമ അടിച്ചുടച്ച് റോഡിൽ തള്ളി.
ബിഷപ്പ് ആൾ ചില്ലറക്കാരനല്ല. സ്വന്തമായി ‘സഭ’യും ഉണ്ടായിരുന്നു. തിരുനക്കര മൈതാനത്ത് ‘സുവിശേഷപ്രസംഗവും അത്ഭുത രോഗശാന്തി ശുശ്രൂഷയും’ നടത്തുമായിരുന്നു. വളരെ വിചിത്രമായ രീതിയിൽ സ്വന്തം ആളുകളെക്കൊണ്ട് വേദിയിൽ സാക്ഷ്യം പറയിപ്പിക്കും. സൗഖ്യം കിട്ടുന്നതിനെക്കുറിച്ചൊക്കെ വാതോരാതെ വചനം ‘പ്രഘോഷിക്കും’.
സുവിശേഷത്തിന് സാക്ഷികളായവർക്ക് പുഴുങ്ങിയ കപ്പയും തേങ്ങാപ്പൂളും നൽകും. ഇത് കഴിച്ചാൽ രോഗശാന്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കും.
സ്വന്തം സുവിശേഷം ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും തിരിച്ച് മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തുന്നതും ബിഷപ്പുതന്നെ. അനുജനേയും കൂട്ടി ആനപ്പുറത്തിരുന്നും സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ബിഷപ്പിൻ്റെ പല പരിപാടികളിലും സഹായി അനുജനാണ്. അമേരിക്കയിലായിരുന്ന അനുജൻ നാട്ടിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് ജേഷ്ടനൊപ്പം കൂടിയത്.
മത്സര വള്ളംകളികൾക്ക് ബദലായി സ്വന്തം നിലയിൽ വള്ളംകളി മൽസരം നടത്തുമായിരുന്നു. വിവിധയിനം വള്ളങ്ങൾ മൽസരത്തിന് അണിനിരന്നിരുന്നു. ഈ വള്ളംകളി ദർശിക്കാൻ ആബാലവൃദ്ധം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മത്സരത്തിലുടനീളം അദ്ദേഹം സ്വന്തം നിലയിലും പല അഭ്യാസങ്ങളും കാണിച്ചിരുന്നു. എവിടേയും ബിഷപ്പ് എറിക് മുറിക് ഒരു താരം തന്നെയായിരുന്നു.
വള്ളം കളിയോടനുബന്ധിച്ച് വിചിത്രമായ മറ്റ് മൽസരങ്ങളും നടത്തും. ഒരിക്കൽ ആറ്റിൻ തീരത്ത് നദിയിൽതന്നെ ഒരു കവുങ്ങ് നാട്ടി. ചെത്തിമിനുക്കി പരുവപ്പെടുത്തിയെടുത്ത കവുങ്ങ്. അതിന്റെ മുകളറ്റത്ത് ഒരു തുക പ്രത്യേക സഞ്ചിയിൽ സൂക്ഷിച്ചിരുന്നു. ടിക്കറ്റ് വച്ചാണ് മൽസരം. 10 രൂപ ടിക്കറ്റെടുത്ത് കമുകിൽ കയറി ആർക്കും തുക സ്വന്തമാക്കാം. എന്നാൽ ഈ മൽസരത്തിൽ ആർക്കും ജയിക്കാൻ സാധിക്കില്ല. കവുങ്ങിൻ്റെ പകുതിയ്ക്കുമേൽ വഴുവഴുപ്പുള്ള എന്തോ ദ്രാവകം പുരട്ടിയിട്ടുണ്ടാകും. കയറ്റക്കാരൻ ഊർന്ന് വെള്ളത്തിൽ വീഴും.
ഒരിക്കൽ ‘പാവപ്പെട്ടവരുടെ വള്ളംകളി മൽസരം’ എന്നപേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഒരു സമ്മേളനവും. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമാതാരം ഉണ്ണിമേരി. സിനിമയിൽ ഉണ്ണിമേരി കത്തിനിൽക്കുന്ന കാലത്താണ് ഈ സംഭവം. ജനങ്ങൾ ഉണ്ണിമേരിയെക്കാണാൻ ഇരമ്പിയെത്തി. എന്നാൽ സമാപന ദിവസം ഉണ്ണിമേരി പറഞ്ഞിരുന്ന സമയത്തൊന്നും എത്തിച്ചേർന്നില്ല. ജനങ്ങൾ ക്ഷോഭിച്ചിളകി. അന്നേരം മൈക്കിലൂടെ ബിഷപ്പ് എറിക് മുറിക്കിൻ്റെ അനൗൺസ്മെൻ്റ് –
“പ്രിയപ്പെട്ട നാട്ടുകാരെ സുഹൃത്തുക്കളെ, ഒരു ക്ഷമപറയുവാനാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിലെത്തിയത്. ഉണ്ണിമേരിയുടെ പേര് നിങ്ങൾ വല്ലാതെ തെറ്റിദ്ധരിച്ചതാണ്. ഒന്നും എൻ്റെ കുഴപ്പമല്ല. നോട്ടീസടിച്ചപ്പോൾ ഒരു കൈപ്പിഴ പറ്റി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നത് നമ്മുടെ ഉണ്ണിമേസ്തിരിയാണ്. പ്രസ്സുകാരാണ് എല്ലാറ്റിനും ഉത്തരവാദി. ‘സ്തി’ എന്നത് അവർക്ക് വിട്ടുപോയതാണ്. അങ്ങനെ പറ്റിപ്പോയതാണ്. ജനങ്ങൾ ദയവായി ക്ഷമിക്കണം” ഇത് കേട്ട പാതി കേൾക്കാത്ത പാതി ജനങ്ങൾ കൂക്കിവിളിച്ചു പിരിഞ്ഞു.
നിത്യഹരിത നായകൻ പ്രേംനസീറിന് കോട്ടയത്ത് ഗംഭീരസ്വീകരണം. നസീറിനെ കാണാൻ പാതയോരത്ത് ജനങ്ങളുടെ തിക്കും തിരക്കും. ജനപ്രളയം. അക്ഷമയോടേയും ആകാംക്ഷയോടെയും ജനങ്ങൾ. നസീർ എത്തുന്നതിന് തൊട്ട് മുൻപ് ബിഷപ്പ് എറിക് മുറിക് ബിഷപ്പിന്റെ അംഗവസ്ത്രവും അംശവടിയുമായി ജനങ്ങൾക്കിടയിലൂടെ ആനപ്പുറത്ത് ഒരു യാത്ര. അംശവടിയുയർത്തി ജനങ്ങളെ ആശിർവദിച്ചു. അവിടേയും ബിഷപ്പുതന്നെ താരം.
ഇത്തരം നിരവധി പ്രവർത്തികളിലൂടെ ഒരു കാലത്ത് കോട്ടയത്തെ ജനങ്ങളെ ചിന്തിപ്പിക്കുകയും അതോടൊപ്പം ചിരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഈമ്പിലെ കുഞ്ഞ്. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ സാമൂഹ്യ ജീർണ്ണതകൾക്കെതിരെയും, ആചാരങ്ങളെന്ന പേരിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരേയും ജനങ്ങളെ ചിന്തിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈമ്പിലെ കുഞ്ഞ് ഏറ്റെടുത്ത ദൗത്യം. അതാണ് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെയും, പ്രവൃത്തിയിലൂടെയും അവതരിപ്പിച്ചത്.
ഈമ്പിലെ കുഞ്ഞെന്ന, ബിഷപ്പ് എറിക് മുറിക്കെന്ന സാക്ഷാൽ അലക്സാണ്ഡർ ലൂക്കോസ് ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റാണെന്നും അതല്ല ഒരു റാഡിക്കൽ കരിസ്മാറ്റിക് എന്നുമൊക്കെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ചിലർ അദ്ദേഹത്തെ റാഡിക്കൽ സൈക്കോ എന്നും പറഞ്ഞിട്ടുണ്ട്. അതേ കുറിച്ച് കൂടുതൽ അറിയില്ല. പറയാൻ ഞാൻ പ്രാപ്തനുമല്ല. ജീവിതം കൊണ്ട് മാത്രമല്ല മരണം കൊണ്ടും ഈമ്പിലെ കുഞ്ഞ് വ്യത്യസ്ഥനായി.


