തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്നും പുറത്താക്കിയെന്ന സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ല. പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ഇതിനെ നിഷ്ക്കളങ്കമായി കാണുന്നില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

വിഷയത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവില്‍ ലിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സജിമോളാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി.
എന്നാല്‍ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാല്‍ യഥാര്‍ത്ഥ ആള് തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ലിജിമോള്‍ക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോള്‍ വരുന്നതിന് മുന്‍പ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ചതെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.


