Sat. Nov 21st, 2026

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടത്.പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകും.സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, സംഭവത്തില്‍ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്‍രെ ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്‌കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.


സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ കണ്ടെത്തലും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും വ്യത്യസ്തമാണ്. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് ഉപകരണം വയറ്റില്‍ കുടുങ്ങിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം ഒരു എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇങ്ങനെയൊരു കണ്ടെത്തലിലേക്കു പോകാന്‍ സാധിക്കില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.