ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജി ട്വന്റി ഉച്ചകോടിക്കെതിരെ സിപിഎം സംഘടിപ്പിച്ച വി 20 എന്ന പരിപാടിക്കെതിരെ പോലീസ് നടപടി. സിപിഎമ്മിന്റെ പഠന ഗവേഷണ കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവന് പോലീസ് അടപ്പിച്ചു. പരിപാടിക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് കാണിച്ചാണ് ഡല്‍ഹി പോലീസ് പഠന കേന്ദ്രം അടപ്പിച്ചത്. മേധാ പട്ക്കര്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു.
വി 20 പരിപാടിക്ക് ഇന്നലെയാണ് തുടക്കമായത്. സുര്‍ജിത് ഭവന് മുന്നില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500ലധികം സാമ്പത്തിക ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ വി 20 പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പോലീസ് അകത്തേക്കും പുറത്തേക്കും ആളുകളെ വിടുന്നില്ലെങ്കിലും പരിപാടിയുമായി സിപിഎം മുന്നോട്ട് പോവുകയാണ്. ഓഫീസിനകത്ത് നടത്തുന്ന പരിപാടിക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്.
അതേസമയം പൊലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പോലീസ് നീക്കമെന്ന് ജയറാം രമേശ് ആരോപിച്ചു.


