കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഈ മാസം 18ന് ഹാജരാകാൻ നോട്ടീസ് അയച്ചു. ഐ ജി ലക്ഷ്മണയ്ക്കും മുൻ കമ്മീഷണർ സുരേന്ദ്രനും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ ഹാജരാകാനാണ് ലക്ഷ്മണയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. സുരേന്ദ്രൻ ഈ മാസം 16ന് ഹാജരാകണം.
കേസിൽ കെ സുധാകരനും സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, പുരാവസ്തു തട്ടിപ്പുകേസിൽ ഐ ജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിട്ടില്ല. ചികിത്സയിലായതിനാൽ സമയം നീട്ടി നൽകണമെന്ന് ക്രൈം ബ്രാഞ്ചിന് കത്ത് നൽകിയിരിക്കുകയാണ്. മോൺസൺ മാവുങ്കൽ കേസിൽ ഐ ജി ലക്ഷ്മണ മൂന്നാം പ്രതിയാണ്. മുൻ ഡി ഐ ജി സുരേന്ദ്രൻ നാലാം പ്രതിയും. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് രണ്ടാം പ്രതി.


