പത്തനംതിട്ട: കൊടുമണ്ണില്‍ നിന്നും കാണാതായ യുവതിയെ നൂറനാട് സ്വദേശിയായ യുവാവിനൊപ്പം ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടെത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 330 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തില്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി.
യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ ഇരുവരെയും കണ്ടെത്തിയത്. അനിലിന്റെ ബാഗില്‍ നിന്നാണ് അഞ്ച്, പത്ത് ഗ്രാം പൊതികളിലാക്കിയ നിലയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനില്‍ പോലീസിനോട് പറഞ്ഞു. കൂടല്‍, നെടുമണ്‍കാവ്, കോന്നി എന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ചു കൊടുത്തതാണ് കഞ്ചാവെന്നും പ്രതി മൊഴി നല്‍കി. അനില്‍ ആദ്യം പട്ടാഴി സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. നിലവില്‍ കൂടല്‍ സ്വദേശിനിക്കൊപ്പമാണ് കഴിയുന്നത്.
എലിപ്പനി ബാധിതനായി മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇയാള്‍. കൊടുമണ്‍ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.


