Sat. Nov 7th, 2026

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്.

സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ് 3 മുതൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു.

സംഭവത്തിൽ സിബിഐ അന്വേഷണത്തെ ഇരയായ സ്ത്രീകള്‍ എതിര്‍ത്തു. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്നും ഇരകള്‍ അറിയിച്ചു.


അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസമാണ് കേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്. വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിരുന്നു.