Sat. Sep 5th, 2026

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസ്. കാലടി ശ്രീശങ്കര കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടെന്നാരോപിച്ച് സ്റ്റേഷനിലെത്തിയ എം.എല്‍.എ ഇവരെ ലോക്കപ്പില്‍നിന്ന് പുറത്തിറക്കിയിരുന്നു. ഇതാണ് കേസിനിടയാക്കിയത്. കാലടി പൊലീസാണ് കേസെടുത്തത്. ശ്രീശങ്കര കോളജില്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.


ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അഞ്ചുപേരെ വീടുകളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേ കേസില്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്നാരോപിച്ചാണ് റോജി എം. ജോണ്‍ സെല്ലില്‍നിന്ന് തുറന്നുവിട്ടത്.