പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവന്റെ സ്വർണാഭരണങ്ങളടക്കം കവർന്നകേസിൽ അർജുൻ ആയങ്കി പിടിയിൽ. പൂനെയിൽ നിന്ന് മീനാക്ഷിപുരം പൊലീസാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 11 പേർ നേരത്തെ പിടിയിലായിരുന്നു. വ്യാപാരിയെ കൊള്ളയടിച്ചതിൽ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന അർജുൻ ആയങ്കിയെ മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലാണ് മാസങ്ങൾക്കിപ്പുറം പിടികൂടിയത്.
മാർച്ച് 26-നാണ് പാലക്കാട് മീനാക്ഷിപുരത്ത് വെച്ച് അർജുൻ ആയങ്കിയും സംഘവും തൃശ്ശൂർ പുതുക്കാട് സ്വദേശിയായ റാഫേലിനെ(57) കൊള്ളയടിച്ചത്. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിലേയ്ക്ക് സ്വർണം കൊണ്ടുപോയി തിരികെ മടങ്ങവേയായിരുന്നു മോഷണം. റാഫേൽ മടങ്ങുകയായിരുന്ന സ്വകാര്യ ബസിനെ അർജുൻ ആയങ്കിയും സംഘവും സഞ്ചരിച്ചിരുന്ന കാർ മാർഗതടസമുണ്ടാക്കി. ബസിന് കുറുകെ കാർ നിർത്തിയ ശേഷം റാഫേലിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി മർദ്ദിച്ച ശേഷം സംഘം 75 പവൻ സ്വർണവും പണവും മൊബൈൽ ഫോണുമടക്കം കൈക്കലാക്കി. മോഷണമുതൽ പങ്കുവെച്ചശേഷം ഇവർ കടന്നുകളയുകയായിരുന്നു. റാഫേലിന്റെ പരാതിപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്.


