Mon. Nov 23rd, 2026

തൊടുപുഴ: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പോക്‌സോ കേസിലെ പ്രതി. ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാർ പിന്നീട് ഓടിച്ചിട്ട് പിടികൂടി.


15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പൊലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പൊലീസുകാരന്റെ മുഖത്തിടിച്ച് ഓടിരക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചത്.

ആക്രമണത്തില്‍ പല്ല് പൊട്ടിപ്പോയ പൊലീസുകാരൻ ആശുപത്രിയില്‍ ചികിത്സതേടി. പോക്‌സോ കേസില്‍ റിമാന്‍ഡിലായ അഭിജിത്തിനെതിരെ പോലീസുകാരനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.