Fri. Nov 20th, 2026

മലപ്പുറം: കെ റെയില്‍ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങൾ നല്‍കുമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും. മാറ്റങ്ങളോടെയുള്ള കെ റെയില്‍ പദ്ധതി കേരളത്തിന് യോജിക്കുമെന്നാണോ എന്ന ചോദ്യത്തിന് എപ്പോഴും താന്‍ അതു പറയാറുണ്ടെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസുമായി പൊന്നാനിയിലെ വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം.


കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കുറിപ്പ് തയാറാക്കി നല്‍കാമെന്ന് ശ്രീധരന്‍ സമ്മതിച്ചതായി കെ വി തോമസ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. ഇത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കു നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.

കെ റെയില്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശമാണ് നേരത്തെ ഇ ശ്രീധരന്‍ ഉന്നയിച്ചിരുന്നത്. സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്.