കോട്ടയം: രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ച് ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവില്‍ കോഡെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബാബറി മസ്ജിദ് തകര്‍ത്തതും കശ്മീര്‍ വിഭജിച്ചതുമായിരുന്നു ആദ്യ രണ്ട് പടികളെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ 2024ല്‍ ബിജെപി പരാജയപ്പെടണം. ഫാസിസത്തിനെതിരെ ഫലപ്രദമായ യോജിപ്പാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് കാലാകാലങ്ങളായി ആര്‍എസ്എസ് നടപ്പാക്കിവരുന്നത്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി.
നിരവധി പേര്‍ കൊല്ലപ്പെട്ട മണിപ്പുരില്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനത്തിലാണ്. ഇതേപോലെ അദ്ദേഹം മൗനം പാലിച്ചത് ഗുജറാത്ത് വംശഹത്യക്കാലത്താണ്. ഏക സിവില്‍ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. മുസ്ലിം ലീഗിനോട് എല്‍ഡിഎഫില്‍ വരാന്‍ ഒരഭ്യര്‍ഥനയും സിപിഎം നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


