Fri. Nov 20th, 2026

ന്യൂഡൽഹി: അപകീർത്തികേസിനെത്തുടർന്ന് ഒളിവിലായിരുന്ന ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ് എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് വ്യക്തമാക്കി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. കൂടാതെ കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.


ഒപ്പം മുതിർന്ന മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് പി വി ശ്രീനിജൻ എം എൽ എ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ശ്രീനിജൻ ജനപ്രതിനിധിയാണെന്നും വിമർശനങ്ങൾക്ക് വിധേയനാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഷാജൻ സ്‌കറിയ ചൂണ്ടിക്കാട്ടിയിരുന്നു.