Sun. Nov 22nd, 2026

മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സി പി എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ഒരു സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃസമിതി യോഗത്തിന്റെ തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ലീഗിനെ മാത്രമാണ് സി പി എം സെമിനാറിലേക്ക് ക്ഷണിച്ചത്. യു ഡി എഫിലെ മറ്റ് ഘടക കക്ഷികളെ ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യു ഡി എഫിന്റെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് സെമിനാറില്‍ പങ്കെടുക്കാനാകില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പങ്കെടുത്താല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏക വ്യക്തി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. മറ്റ് മുസ്ലിം സംഘടനകള്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ലീഗ് നേതൃത്വത്തില്‍ മറ്റൊരു സെമിനാര്‍ കോഴിക്കോട്ട് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

സെമിനാര്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാകരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതൊരു ദേശീയ വിഷയമാണ്. ഇക്കാര്യത്തില്‍ പാര്‍ലിമെന്റില്‍ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത്. ഇവിടെ സെമിനാര്‍ നടത്തി ഭിന്നിപ്പിക്കുന്നത് ബി ജെ പിയെ സഹായിക്കുന്നതാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലീഗ് നേതൃത്വം നിലപാട് വെളിപ്പെടുത്തിയത്.