✍️ ചന്ദ്രപ്രകാശ്.എസ്.എസ്
അച്ചാണിയെന്നാൽ ചക്രം തെറിച്ചുപോകാതിരിക്കാൻ ഉറപ്പിച്ച് വയ്ക്കുന്ന ആണിയെന്നർത്ഥം. തമിഴിൽ കാരൈക്കുടി നാരായണൻ്റെ നാടകമായിട്ടാണ് അച്ചാണി ആദ്യം അറിയപ്പെട്ടത്. മദ്രാസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച തമിഴ് നാടകമായിരുന്നു അച്ചാണി.
മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച നിരവധി സിനിമകൾ നിർമ്മിച്ച വ്യക്തിയാണ് കെ.രവീന്ദ്രനാഥൻ നായർ. അച്ചാണി നിർമ്മിക്കുന്നതിന് മുൻപ് അന്വേഷിച്ചു കണ്ടെത്തിയില്ല, ലക്ഷപ്രഭു, കാട്ടുകുരങ്ങ് എന്നീ സിനിമകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. മൂന്ന് സിനിമകളും സംവിധാനം ചെയ്തത് പി.ഭാസ്ക്കരനാണ്. അച്ചാണി സിനിമയോടെയാണ് അദ്ദേഹം അച്ചാണി രവിയായത്.

കാരൈക്കുടി നാരായണൻ്റെ തമിഴ് നാടകം അച്ചാണി മദ്രാസിൽ വച്ച് രവി കാണുന്നത് എ വിൻസൻ്റിനൊപ്പമായിരുന്നു. ഈ നാടകം അദ്ദേഹത്തെ വൈകാരികമായി സ്വാധീനിച്ചു. കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി ഒരു സഹോദരൻ്റെ ത്യാഗമായിരുന്നു നാടകത്തിൻ്റെ ഇതിവൃത്തം. ആ കഥാപാത്രത്തിൻ്റെ സ്ഥാനത്ത് അദ്ദേഹം 44 വയസ്സിൽ മരണപ്പെട്ട തൻ്റെ മൂത്ത സഹോദരനെ കണ്ടു. ജീവിതത്തിലും ബിസിനസ്സിലും കൈപിടിച്ചുയർത്തിയ ജേഷ്ടൻ. ആ സഹോദരനായിരുന്നു അദ്ദേഹം അച്ചാണി സിനിമ സമർപ്പിച്ചത്. സിനിമയുടെ തുടക്കത്തിൽ രവീന്ദ്രനാഥൻ നായരുടെ ശബ്ദത്തിൽ തന്നെയാണ് സമർപ്പണം മലയാളികൾ കേട്ടത്. അച്ചാണി വൻ വിജയം വരിച്ച് 14 ലക്ഷം രൂപ ലാഭം നേടി. ഈ ലാഭം കൊല്ലം പബ്ലിക്ക് ലൈബ്രറിയടക്കമുള്ള സാമൂഹ്യ സ്ഥാപനങ്ങളുടെ നിർമ്മാണത്തിനായാണ് അദ്ദേഹം ഉപയോഗിച്ചത്.
കാരൈക്കുടി നാരായണൻ എന്ന പേര് പുതു തലമുറ കേട്ടിരിക്കാൻ വഴിയില്ല. അദ്ദേഹത്തിൻ്റെ കഥയാണ് അച്ചാണിയുടെ ഇതിവൃത്തം എന്ന് സൂചിപ്പിച്ചുവല്ലോ. എ.വിൻസെന്റിന്റെ സംവിധാനത്തിൽ നസീർ, നന്ദിത ബോസ്, വിൻസെന്റ്, സുജാത, സുധീർ, ശ്രീലത തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായി അച്ചാണി മാറി. ഇതിലെ എല്ലാ ഗാനങ്ങളും ഹിറ്റായി.
തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽ ഭാസിയും.
മലയാളത്തിലെ അച്ചാണിയുടെ വൻവിജയം തമിഴിൽ അച്ചാണി ചെയ്യാൻ കാരൈക്കുടിയെ പ്രേരിപ്പിച്ചു. തമിഴ് ചലച്ചിത്ര രംഗത്ത് തനതായ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തത് ഈ ചിത്രത്തോടെയാണ്. വളരെ സങ്കീർണ്ണമായ സിനിമാ യാത്രയായിരുന്നു കാരൈക്കുടിയുടേത്. തമിഴ്നാട്ടിലെ കാരൈക്കുടി എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് കാരൈക്കുടി നാരായണൻ.
നാടക-സിനിമാ നടനായ മേജർ സുന്ദർരാജന്റെ നാടക ട്രൂപ്പിനുവേണ്ടി കാരൈക്കുടി എഴുതിയ നാടകമാണ് അച്ചാണി. നാടകം വൻ വിജയം നേടി. ആ കഥ പ്രശസ്ത സംവിധായകൻ കെ.ബാലചന്ദർ അടക്കം പലരും സിനിമയാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. നാടകം കണ്ട സംവിധായകൻ എ.വിൻസെൻ്റ്, രവീന്ദ്രനാഥൻ നായർക്കുവേണ്ടി കാരൈക്കുടി നാരായണനെയും, സുന്ദർരാജനെയും കണ്ട് ആ കഥ മലയാളത്തിൽ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് നാരായണന് പതിനായിരം രൂപ പ്രതിഫലം നൽകി കരാർ ഒപ്പിട്ട് കഥ വാങ്ങി.
അച്ചാണി തമിഴിൽ സിനിമയാവാത്തതിൽ നാരായണന് അതീവ ദുഃഖമുണ്ടായിരുന്നു. മലയാളത്തിൽ വൻ വിജയം നേടി സാമ്പത്തികലാഭം നേടിയ അച്ചാണി എ.വിൻസെന്റ് തമിഴിലും ചിത്രമാക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. അതേസമയം അച്ചാണി തമിഴിൽ ചെയ്യാൻ വിൻസൻ്റിന് താല്പര്യമില്ലെന്ന് മനസ്സിലാക്കിയ നാരായണൻ അദ്ദേഹത്തെ ചെന്നു കണ്ട്, ആ കഥ തമിഴിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. വിൻസെന്റ് അതിന് എതിർപ്പൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, കരാർ ഒപ്പിട്ട് കഥ വിറ്റിരുന്നതിനാൽ അന്നത്തെ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ പ്രൊഡ്യൂസറായ ജനറൽ പിക്ച്ചേഴ്സിന് നൽകി കഥയുടെ അവകാശം തിരികെ വാങ്ങിക്കാൻ കാരൈക്കുടിയോട് പറഞ്ഞു. പതിനായിരം രൂപയ്ക്ക് വിറ്റ കഥ ഒരു ലക്ഷം കൊടുത്തു വാങ്ങിക്കേണ്ടിവരുമല്ലോ എന്ന് വിഷമിച്ച നാരായണൻ, വിൻസെന്റിനോട് തന്റെ സ്ഥിതി മനസ്സിലാക്കി വല്ല ഇളവും ചെയ്തു തരണം എന്നപേക്ഷിച്ച പ്രകാരം, വിൻസെന്റ് ഇടപെട്ട് അമ്പതിനായിരത്തിന് തീർപ്പാക്കി. സിനിമാ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും ഒരു കഥാകൃത്ത് സ്വന്തം കഥ വിറ്റതിന്റെ അഞ്ച് മടങ്ങ് കൊടുത്ത് റൈറ്റ്സ് തിരിച്ചു വാങ്ങിയത്.
കഥ തിരികെ വാങ്ങിയ കാരൈക്കുടി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അച്ചാണി തമിഴിൽ സിനിമയാക്കിയത്. അദ്ദേഹം തന്നെ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു തമിഴിലെ അച്ചാണി. സിനിമയുടെ സംവിധാന മേൽനോട്ടം നിർവ്വഹിച്ചത് എ.വിൻസെന്റ് ആയിരുന്നു. അച്ചാണിയുടെ വിജയം നാരായണനെ തുടർന്നും ചിത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു.
അച്ചാണി മികച്ച ചിത്രമായി തമിഴ്നാട് സർക്കാർ തിരഞ്ഞെടുത്തു. അവാർഡ് ദാനച്ചടങ്ങിന്റെ മൂന്നോ നാലോ ദിവസങ്ങൾക്ക് മുൻപ് സർക്കാർ തന്നെ അവാർഡ് നിഷേധിച്ച വാർത്ത പുറത്തുവന്നു. അത് സംബന്ധിച്ച കത്തും നാരായണന് കിട്ടി. മലയാളത്തിൽ നിന്നും റീമേക്ക് ചെയ്ത ചിത്രം ചിത്രമായതുകൊണ്ട് അവാർഡ് കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞ് ആരോ എതിർപ്പ് അറിയിച്ചു. റീമേക്ക് ആണെങ്കിലും, അത് സ്വന്തം കഥയാണെന്ന് സ്ഥിരീകരിക്കാൻ നാരായണൻ കുറെ പാടുപെട്ടു. ഒടുവിൽ മന്ത്രിസഭ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടു കാരൈക്കുടി നാരായണനു തന്നെ അവാർഡ് നൽകി.


