തിരുവനന്തപുരം: കെെതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എ സി പിയുടെ നേത്യത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. എന്നാൽ താൻ പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും ശക്തിധരൻ അറിയിച്ചു.
കെെതോലപ്പായയിൽ പൊതിഞ്ഞ് സി പി എം നേതാവ് പണം കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. തുടർന്ന് ബെന്നി ബെഹ്നാൻ എം പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാൽ ആര്, എവിടെ വച്ച്, എപ്പോൾ പണം കെെമാറിയെന്ന ചോദ്യങ്ങൾക്ക് ശക്തിധരൻ മറുപടി നൽകിയില്ലെന്നാണ് വിവരം. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ വെളിപ്പെടുത്തിയില്ല. സംഭവത്തിൽ പ്രാഥമികാന്വേഷണത്തിന് ശേഷമായിരിക്കും പൊലീസ് കേസെടുക്കണോയെന്ന് തീരുമാനിക്കുക.
സി പി എമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരിൽ നിന്ന് കൈപ്പറ്റിയ രണ്ടരക്കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നും, ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമാണ് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചത്. ഇപ്പോഴത്തെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കുറിച്ചിരുന്നു.


