പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ പല്ലശ്ശന സ്വദേശിയും വരന്റെ ബന്ധുവുമായ സുഭാഷ് അറസ്റ്റിൽ. ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവ ചുമത്തി പ്രതിക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ജൂൺ 25ന് നടന്ന വിവാഹത്തിൽ ചടങ്ങിന്റെ ഭാഗമായാണ് വധൂവരന്മാരുടെ അയൽവാസിയായ സുഭാഷ് ഇരുവരുടെയും തല മുട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്ലയുടെയും വിവാഹച്ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം.
വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്ല അകത്തേയ്ക്ക് കയറുന്നതിന് മുൻപായി പിന്നിൽ നിന്ന സുഭാഷ് അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു. തല നന്നായി വേദനിച്ച സജ്ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.


