Sat. Nov 7th, 2026

കോട്ടയം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു. സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.


ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്‍പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാല്‍ ഇയാളുടെ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു.