Tue. Nov 24th, 2026

തിരുവനന്തപുരം: കൈതോലപ്പായയിൽ സി.പി.എം നേതാവ് പണം കടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണ്. ഫേസ്‌ബുക്കിൽ എഴുതിയതെല്ലാം ചർച്ചയാക്കുകയാണ്. വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം. കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ല. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണോദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സി.പി.എമ്മിന്റെ ഉന്നതനേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരിൽ നിന്ന് പണം കൈപ്പറ്റിയെന്നും അതിൽ രണ്ടുകോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തിയതിന് താൻ സാക്ഷി ആയിരുന്നുവെന്നും ജി. ശക്തിധരൻ ആരോപിച്ചിരുന്നു. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും ശക്തിധരൻ പറഞ്ഞിരുന്നു.