Thu. Nov 19th, 2026

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസില്‍ കെ സുധാകരെനെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഈ നേതാവുമായി ബന്ധപ്പെട്ട ആളുകളാണ് സുധാകരനെതിരേ പരാതി നല്‍കിയതെന്ന് സ്വകാര്യ വാര്‍ത്ത ചാനലിനോട് എ കെ ബാലന്‍ പറഞ്ഞു.


സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ഗ്രൂപ്പുകള്‍ ഇനി സജീവമാകുമെന്നാണ് ബ്ലോക്ക് പുനഃസംഘടനുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബെന്നി ബഹനാന്‍ പറഞ്ഞത്. കേസ് വന്നപ്പോള്‍ സുധാകരന് ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണ കൃത്രിമമാണ്.

വി ഡി സതീശനെതിരായ കേസ് കുത്തിപ്പൊക്കിയതിന് പിന്നിലും കോണ്‍ഗ്രസുകാരാണ്. സംസ്ഥാനത്ത് അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് കരുതി മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ച അഞ്ച് നേതാക്കള്‍ തമ്മിലുള്ള പോരാണ് ഇതിനെല്ലാം പിന്നിലെന്നും എ കെ ബാലന്‍ പറഞ്ഞു.