Sun. Nov 22nd, 2026

നാഗർകോവിൽ: താൻ മരിക്കാൻ പോകുന്നുവെന്ന് പൊലീസിന് ഇമെയിൽ അയച്ചശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാർത്താണ്ഡം പത്തുകാണി, നിരപ്പ്റോഡ്, ലക്ഷ്മിഇല്ലം സ്വദേശി ഹരിഹരൻ (50) ആണ് ലോഡ്ജിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ഭാര്യ നളിനി (45), വൈഷ്ണവി, സൗഭാഗ്യ, ഹർഷൻ എന്നീ മക്കൾക്കൊപ്പമാണ് ഹരിഹരൻ താമസിച്ചിരുന്നത്. ഹരിഹരൻ സ്വകാര്യ ബാങ്ക് ജീവനക്കാരനും നളിനി മധുരയിലുള്ള സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയുമാണ്. 2019 ൽ തമിഴ്സെൽവി എന്ന സ്ത്രീക്ക് നളിനി 11 മാസത്തേക്ക് വീട് വാടകയ്ക്ക് നൽകുകയായിരുന്നു. 2022 ആയിട്ടും വീട് ഒഴിയാത്തതിനെ തുടർന്ന് നളിനിയുടെ ഭർത്താവ് ഹരിഹരൻ ആറുകാണി പൊലീസിന് പരാതി നൽകി.


തുടർന്ന് തമിഴ്സെൽവി വ്യാജ ഡോക്യുമെന്റ് തയാറാക്കി വീടൊഴിയാൻ ഇനിയും സമയമുണ്ടെന്നുകാട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഹരിഹരൻ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും നിവേദനം നൽകി. എന്നാൽ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് മാർത്താണ്ഡത്തെ സ്വകാര്യ ലോഡ്‌ജിൽ റൂമെടുത്ത ഹരിഹരൻ, ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് ഭാര്യ നളിനിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇ മെയിൽ അയച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ തന്റെ ഭർത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും തന്റെ വീട് തിരികെ കിട്ടുന്നതുവരെ ഹരിഹരന്റെ മൃതദേഹം കൈപ്പറ്റില്ലെന്നും നളിനി പറഞ്ഞു.