Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

കല്ലിനുപോലും ചിറകുകൾ നൽകി മലയാളിക്ക് മറക്കാൻ പറ്റാത്ത പ്രണയാതുരമായ നിരവധി ചലച്ചിത്ര ഗാനങ്ങളുടെയും ഒരു പിടി മികച്ച ലളിതഗാനങ്ങളുടെയും കർത്താവാണ് പൂവച്ചൽ ഖാദർ. വേറിട്ട ഗാനങ്ങളും
തമാശപ്പാട്ടുകളും അദ്ദേഹത്തിൻ്റെതായുണ്ട്. അതിലൊന്നാണ് ആദ്യകാലത്തെഴുതിയ ‘കാട്ടിലെ മന്ത്രി’ എന്ന് തുടങ്ങുന്ന ഗാനം. ചുഴി എന്ന ചിത്രത്തിനുവേണ്ടി സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജ് ഈണം നൽകിയ ഒരു ശരാശരി ഗാനം.

കാട്ടിലെ മന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിച്ചെഴുതിയ ഒരു തമാശപ്പാട്ട്. നിർഭാഗ്യവശാൽ പാട്ട് ചെന്ന് കൊണ്ടതാകട്ടെ അന്നത്തെ ‘നാട്ടിലെ മന്ത്രിക്ക്’ യഥാർത്ഥത്തിൽ അദ്ദേഹം നാട്ടിലെ മന്ത്രിയെ ഉന്നം വച്ച് എഴുതിയ പാട്ടായിരുന്നില്ല അത്. അതേ സമയം പാട്ടിന് പ്രതീക്ഷിക്കാത്ത രാഷ്ട്രീയമാനം കൈവന്നു.പാട്ട് പുറത്തിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. ആസ്വാദകരുടെ എണ്ണവും വിമർശകരുടെ എണ്ണവും വർദ്ധിച്ചു. അന്നത്തെ വനം മന്ത്രിയെ ആക്ഷേപിക്കാനും കരിവാരിത്തേക്കാനും കരുതിക്കൂട്ടി എഴുതിയുണ്ടാക്കിയ പാട്ടാണിതെന്ന ആരോപണം ശക്തമായി.

ആരോപണങ്ങൾക്ക് ന്യായമായ കാരണങ്ങളുമുണ്ടായിരുന്നു. അന്നത്തെ വനം മന്ത്രി അഴിമതി ആരോപണങ്ങളിൽപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു അത്. മാധ്യമങ്ങളും പ്രതിപക്ഷവും മന്ത്രിയെ “കാട്ടുകള്ളൻ” എന്ന് വിശേഷിപ്പിച്ച കാലം! പ്രതിപക്ഷം പാട്ടിനെ ആയുധമാക്കി മാറ്റി.


ഒരു പ്രത്യേക നേതാവിനെയും ലക്ഷ്യം വച്ചല്ല പാട്ടെഴുതിയതെന്ന് പൂവച്ചൽ ഖാദർ ആണയിട്ടു പറഞ്ഞെങ്കിലും അതൊന്നും വിലപ്പോയില്ല. പാട്ട് പൊടുന്നനെ റേഡിയോയിൽ നിന്നും ആദ്യം അപ്രത്യക്ഷമായി. പൊതുപരിപാടികളിൽ ഈ പാട്ട് കേൾപ്പിക്കാതിരിക്കാൻ പ്രത്യേക അനൗദ്യോഗിക വിലക്കും വന്നു. പാട്ടിനെ ആരൊക്കയോ ചേർന്ന് വരിഞ്ഞു മുറുക്കി.

“ഒരു ചലച്ചിത്രഗാനത്തിന് നിരോധനം” എന്ന വലിയ തലക്കെട്ടിൽ മാധ്യമങ്ങൾ വാർത്ത കൊടുത്തു. എന്നാൽ വിവാദതല്പരനല്ലാത്ത, നല്ലൊരു മനസ്സിനുടമയായ പൂവച്ചൽ ഖാദർ വിവാദങ്ങൾക്ക് പുറകെയൊന്നും പോയില്ല. അച്ചുതമേനോൻ മന്ത്രിസഭയിലെ അന്നത്തെ വിവാദ വനംമന്ത്രി ഡോ. കെ.ജി. അടിയോടിയായിരുന്നു.

വിവാദഗാനം –

പാടിയവർ – സി ഒ ആന്റോ,എൽ ആർ ഈശ്വരി

കാട്ടിലെ മന്ത്രീ..
കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍
കൈയ്യൊന്നു നീട്ടൂ രാമാ ആ
കൈയ്യൊന്നു നീട്ടൂ രാമാ
നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍
വേഷം കെട്ടൂ രാമാ നല്ല
വേഷം കെട്ടൂ രാമാ
കുഞ്ചിരാമാ – കുഞ്ചിരാമാ
(കാട്ടിലെ..)

ജാഥ നയിക്കുവതെങ്ങിനെ നീ
ഇങ്കുലാബ് സിന്ദാബാദ്
ഇങ്കുലാബ് സിന്ദാബാദ്
കുതികാല്‍ വെട്ടുകയെങ്ങിനെ നീ
ചക്കാത്തു കാറില്‍ ഉദ്ഘാടനത്തിനു
നാടുകള്‍ ചുറ്റണതെങ്ങിനെ നീ – ഞെളിഞ്ഞ്
നാടുകള്‍ ചുറ്റണതെങ്ങിനെ നീ
(കാട്ടിലെ..)

പുറകിലെ കീശയിലെന്താണ്
പുതിയൊരു പാര്‍ട്ടി ടിക്കറ്റോ
പുറകിലെ കീശയിലെന്താണ്
പുതിയൊരു പാര്‍ട്ടി ടിക്കറ്റോ
പുലിവാലാണീ രാഷ്ട്രീയം – പുലിവാല്
പുലിവാലാണീ രാഷ്ട്രീയം –
കുരങ്ങുകളിയായ് മാറ്റരുതേ – നീയത്
കുരങ്ങുകളിയായ് മാറ്റരുതേ
(കാട്ടിലെ..)