Sun. Feb 25th, 2024

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

മേരിജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ), മേരി ജോൺ കൂത്താട്ടുകുളം, കൂത്താട്ടുകുളം മേരി എന്നിവർ പേരിലെ സാമ്യതകൊണ്ട് ചരിത്ര വിദ്യാർത്ഥികൾക്കിടയിൽ പോലും സംശയം ജനിപ്പിക്കുന്നവരാണ്. അതേ സമയം ഈ പറഞ്ഞവരിൽ രണ്ട് മേരിമാർ ബന്ധുക്കളാണ്. കൂത്താട്ടുകുളം മേരിയുടെ മാതൃസഹോദരിയാണ് കവയിത്രി മേരി ജോൺ കൂത്താട്ടുകുളം.

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി. തിരൂവിതാംകൂറിന്റെ പടനായികയെന്ന് വിശേഷിപ്പിക്കുന്ന കൂത്താട്ടുകുളം മേരിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. അവസാനശ്വാസം വരെ അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ധീരവനിതയാണ് മേരി.

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ട അക്കാമ്മ ചെറിയാൻ, അവരുടെ സഹോദരിയും 1957ലെ നിയമസഭയിൽ അംഗവുമായിരുന്ന സ:റോസമ്മ പുന്നൂസ് തുടങ്ങിയവരുടെ സമരപോരാട്ടമാണ് മേരിക്ക് പ്രചോദനമായത്.


തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് കൂത്താട്ടുകുളം മേരി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സ്കൂൾ പഠനകാലത്തു തന്നെ രാഷ്ട്രീയരംഗത്തേക്കിറങ്ങി. വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കാതെ, സാമൂഹ്യപ്രവർത്തനത്തിനായി ജീവിതം രൂപപ്പെടുത്തി.

1948 ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടിയുടെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും, ഒപ്പം പാർട്ടി സംബന്ധമായ കാര്യങ്ങളുടെ രഹസ്യസൂക്ഷിപ്പുകാരിൽ ഒരാളായി മാറുകയും ചെയ്തു.

1921 സെപ്തംബർ 24 നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസും സി.ജെ.ഏലിയാമ്മയുമാണ് മാതാപിതാക്കൾ. കൂത്താട്ടുകുളത്തിനടുത്തുള്ള വടകര സെന്റ് ജോൺസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്കൂളിലെ നേതൃത്വം മേരി സ്വമേധയാ ഏറ്റെടുത്തു.


1938 ൽ ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും മേരി അനുസരിച്ചില്ല. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ നിർബന്ധിത പിരിവിനെ എതിർത്ത മേരിയെ സ്കൂളിൽ നിന്നും പുറത്താക്കി. പിന്നീട് സ്കൂളിൽ തിരികെ പ്രവേശിച്ച് പഠനം പൂർത്തിയാക്കുകയും, അതിനുശേഷം ടി.ടി.സി പഠനത്തിനായി തിരുവനന്തപുരത്തെ സെന്റ് റോക്സ് കോൺവെന്റിൽ പ്രവേശിക്കുകയും ചെയ്തു.

പഠനശേഷം ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും അത് വേണ്ടന്നുവച്ച്, രാഷ്ട്രീയ-സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകി. കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തകയായി ചേർന്നു. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സദനമായിരുന്നുവെങ്കിലും അവിടുത്തെ അന്തേവാസികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പി.കൃഷ്ണപിള്ള, ഇ.എം.എസ്സ് തുടങ്ങിയവരുമായി മേരി പരിചയപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന തോപ്പിൽ ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ അനുവാദം നൽകാതിരുന്നതിനാൽ മേരി സദനം വിട്ടു. 1945-46 കാലത്ത് തിരുനെൽവേലിയിൽ വിമൻസ് വെൽഫെയർ ഓഫീസറായി പ്രവേശിച്ചു. ഇവിടെ വെച്ചാണ് മേരി മാർക്സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും മനസ്സിലാക്കുന്നത്.

പിന്നീട് തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയ പ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാർട്ടി പ്രവർത്തനത്തിനിടക്ക് പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ സി.എസ്.ജോർജ്ജിനെ വിവാഹം കഴിച്ചു. പാർട്ടിയുടെ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മേരി തിരഞ്ഞെടുക്കപ്പെട്ടു. ഒരു രാത്രി കമ്മിറ്റി കഴിഞ്ഞു വരുന്ന വഴി പോലീസ് പിടിയിലായി. ലോക്കപ്പിൽ വെച്ച് മേരിയെ ക്രൂരമായി മർദ്ദിച്ചു.പാർട്ടി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചുവെങ്കിലും, പോലീസിന് അതിന് കഴിഞ്ഞില്ല. ലോക്കപ്പിൽ മേരിയെ നഗ്നയാക്കി മർദ്ദിച്ചു.


ഭർത്താവിനെ, കൺമുമ്പിൽ കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാർട്ടി രഹസ്യങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. ‘മേരിയുടെ രഹസ്യഭാഗങ്ങളിൽ’ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന്, ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ തോപ്പിൽ ഭാസി രേഖപ്പെടുത്തിയിട്ടുണ്ട്. ആറുമാസം നീണ്ട പീഡനങ്ങൾക്കൊടുവിൽ രഹസ്യങ്ങളുടെ തരിമ്പു പോലും കിട്ടാതായപ്പോൾ പോലീസ് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനങ്ങൾക്കിടയിൽ വന്നുചേർന്ന ടൈഫോയിഡായിരുന്നു കാരണം.

ആശുപത്രിയിൽ കാവലിരുന്ന പോലീസുകാരനെ വെട്ടിച്ച് പുറത്തു ചാടാൻ ശ്രമിച്ചുവെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ അതിന് വിലങ്ങുതടിയായി. രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ. പറവൂർ സബ് ജയിലിലും, തിരുവനന്തപുരം സെൻട്രൽ ജയിലിലുമായിരുന്നു തടവ്. ശിക്ഷക്കെതിരേ സഹോദരൻ അപ്പീൽ നൽകിയെങ്കിലും, മേൽകോടതി ശിക്ഷ ശരിവക്കുകയായിരുന്നു.

സിപിഐ നേതാവും വനംമന്ത്രിയുമായിരുന്ന ബിനോയ്‌ വിശ്വം എം.പിയുടെ ഭാര്യ ഷൈല സി ജോർജ്ജ് കൂത്താട്ടുകുളം മേരിയുടെ മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റ് മക്കൾ.

നല്ലൊരു ചിത്രകാരികൂടിയാണ് കൂത്താട്ടുകുളം മേരി. സ്വന്തം ചിത്രങ്ങളുടെ പ്രദർശനം പലവട്ടം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷവേഷത്തിലും മേരി ഒളിവുജീവിതം നയിച്ചിട്ടുണ്ട്. 2014 ന് അന്തരിച്ച മേരിയുടെ സംസ്ക്കാരം നടന്നത് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിലാണ്.

‘കനലെരിയും കാലം’ എന്ന മേരിയുടെ ആത്മകഥ അക്ഷരാർത്ഥത്തിൽ പേരിനെ അന്വർത്ഥമാക്കുന്ന മലയാളത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്.