✍️ സുരേഷ്. സി.ആർ
”പക്ഷിപഠനത്തിൽ എന്റെ താത്പര്യം എല്ലായ്പ്പോഴും അവയുടെ പ്രകൃത്യാ ഉള്ള ജീവിതരീതിയിലും ആവാസവ്യവസ്ഥയിലുമായിരുന്നു; പരീക്ഷണശാലയിലെ സൂക്ഷ്മദർശിനിക്കിടയിലായിരുന്നില്ല. അതുകൊണ്ടുതന്നെ ജനവാസമില്ലാത്ത പ്രദേശങ്ങളിൽപോലും യാത്രചെയ്ത്, പക്ഷികളുടെ ആവാസ സ്ഥലങ്ങളിലെത്തണമായിരുന്നു.”
പക്ഷി നിരീക്ഷണത്തിനും പഠനത്തിനുമായി ജീവിതകാലം മുഴുവന് സമർപ്പിച്ച് വിശ്വ പ്രസിദ്ധനായിത്തീർന്ന പക്ഷി ശാസ്ത്രജ്ഞനാണ് സാലിം അലി (1896 – 1987). സാലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്നാണ് മുഴുവൻ പേര്. വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ട അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.
അമ്മാവൻ സമ്മാനമായി നൽകിയ എയർഗൺ കൊണ്ട് താൻ വെടിവെച്ചിട്ട രണ്ട് പക്ഷികളിലൊന്നിന്റെ കഴുത്തിൽ കാണപ്പെട്ട അപൂർവമായ നിറം ഏറെ കൗതുകമായി അലിക്ക് അനുഭവപ്പെട്ടു. ഇതേക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി ഡബ്ലിയു എസ് മില്ലാർഡിന്റെ അടുത്താണ് അലിയെ എത്തിച്ചത്.
മ്യൂസിയത്തിലെ പക്ഷികളുടെ ചിത്രങ്ങളും രേഖകളും അദ്ദേഹം സാലിം അലിയുടെ മുന്നിൽ തുറന്നു കൊടുത്തു. അതിൽ നിന്നാണ് താൻ വെടിവെച്ചിട്ട പക്ഷി മഞ്ഞത്താലി ഇനത്തിൽ പെട്ടതാണെന്ന് അലി മനസിലാക്കുന്നത്. പക്ഷികളെക്കുറിച്ച് കൂടുതൽ അറിയാനായി ആ സൊസൈറ്റിയിലെ നിത്യ സന്ദർശകനായി. അവിടെ നിന്നാണ് സാലിം അലി പക്ഷികളുടെ ലോകത്തേക്ക് ചിറകടിച്ച് പറന്നത്.
സാലിം അലിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഭരത്പുർ പക്ഷിസങ്കേതവും സൈലന്റ് വാലി നാഷ്ണൽ പാർക്കും യാഥാർത്ഥ്യമായത്. വംശനാശം സംഭവിച്ചെന്നു കരുതിയിരുന്ന ‘ബയാഫിൻ’ പക്ഷിയെ കുമയൂൺ മലനിരകളിൽ അദ്ദേഹം കണ്ടെത്തി.
1935-ൽ തിരുവിതാംകൂറിന്റെ പ്രത്യേക ക്ഷണപ്രകാരം കേരളത്തിലെത്തിയ അദ്ദേഹം ചാലക്കുടി, തട്ടേക്കാട്, കുമരകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പക്ഷി പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.
മുംബൈയിൽ ജനനം. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ അമ്മാവന്റെ സംരക്ഷണയിലാണ് വളർന്നത്. ശിക്കാറിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പാഠങ്ങൾ അദ്ദേഹത്തിൽനിന്നു മനസ്സിലാക്കി.
സ്കൂൾ വിദ്യാഭ്യസത്തിനുശേഷം മുംബൈയിലെ സെന്റ് സേവിയർ കോളേജിൽ ചേർന്നെങ്കിലും ആൽജിബ്രയും ലോഗരിതവും ഇഷ്ടപ്പെടാത്തതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ കുടുംബാംഗങ്ങളുള്ള ബർമ്മയിലേക്ക് തിരിച്ചു.
1917-ൽ ഇന്ത്യയിലെത്തി ദാവർ കോളേജിൽ ചേർന്ന് പഠനം തുടർന്നു. പ്രകൃതി ശാസ്ത്രത്തിലുള്ള അലിയുടെ താല്പര്യം തിരിച്ചറിഞ്ഞ സെന്റ് സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിക്കുകയും അത് പഠിക്കുകയും ചെയ്തു.
1926-ൽ മുംബയിലെ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ് ലക്ചററായി. 1929-ൽ, പക്ഷിനിരീക്ഷണം പരിശീലനം നേടി അതൊരു തൊഴിലായി സ്വീകരിക്കാനും ജർമനിയിലെത്തി. പ്രൊഫസർ ഇർവിൻ സ്ട്രെസ് മാനായിരുന്നു ജർമനിയിലെ ഗുരുനാഥൻ.

ജർമനിക്ക് പുറമേ മറ്റു പല രാജ്യങ്ങളിലും നടത്തിയ യാത്രകളും പക്ഷിനിരീക്ഷണ മേഖലയിൽ അദ്ദേഹത്തിന് കൂടുതൽ വൈഭവം നൽകി. ഇന്ത്യയെ പ്രതിനിധീകരിച്ച് പല സർവകലാശാലകളിലും മുഖ്യാതിഥിയായി.
സ്വാതന്ത്ര്യാനന്തരം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ചുമതല ഏറ്റെടുത്തു. ഇരുനൂറു വർഷത്തോളം പഴക്കമുള്ള ആ സ്ഥാപനം ഫണ്ടില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്തുനിന്നു രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി നെഹ്റുവിന് അദ്ദേഹം കത്തെഴുതിയതിന്റെ ഫലമായാണ്.
1982-ൽ പക്ഷിശാസ്ത്രത്തിൽ നാഷ്ണൽ പ്രൊഫസർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1941-ൽ പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ്’ രചിച്ചു. ദ ബേർഡ്സ് ഓഫ് കച്ച് (1945), ദ ഇന്ത്യൻ ഹിൽബേർഡ്സ് (1949), ദ ബേർഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ (1953), എ പിക്ചർ ബുക്ക് ഓഫ് സിക്കിം ബേർഡ്സ്, ദ ബേർഡ്സ് ഓഫ് സിക്കിം (1962) ഡോക്ടർ എസ് ഡില്ലൻ റിപ്ലിയുമായി ചേർന്നു രചിച്ച പത്തു ഭാഗങ്ങളുള്ള ‘ഹാൻഡ് ബുക്ക് ഓഫ് ദ ബേർഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ’ എന്നീ ഗ്രന്ഥങ്ങളെല്ലാം പക്ഷിശാസ്ത്ര ശാഖയെ ഇന്ത്യയിൽ ജനകീയമാക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു. സാലിം അലിയുടെ അനുഭവങ്ങളെയും യാത്രകളെയും കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്ന കൃതിയാണ് ആത്മകഥയായ ‘ഒരു കുരുവിയുടെ പതനം’ (ഫാൾ ഓഫ് എ സ്പാരോ).
1958-ൽ പദ്മഭൂഷണും 1976-ൽ പദ്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1967-ൽ ബ്രിട്ടീഷ് ഓർണിത്തോളജിക്കൽ സൊസൈറ്റിയുടെ യൂണിയൻ ഗോൾഡ് മെഡൽ നേടിയ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പക്ഷി നിരീക്ഷകനെന്ന പദവി അദ്ദേഹത്തിന് മാത്രമുള്ളതാണ്.1970-ൽ ഇന്ത്യൻ നാഷ്ണൽ സയൻസ് അക്കാഡമിയുടെ സുന്ദർലാൽ ഹോറോ ഗോൾഡ് മെഡൽ, 1973-ൽ നെതർലാൻഡ് രാജാവിന്റെ ഓർഡർ ഓഫ് ദ ഗോൾഡൻ ആർക്ക്, 1976-ൽ പാൾ ഗെറ്റി ഇന്റർ നാഷണൽ അവാർഡ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ദേശീയപക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.


