Fri. Nov 20th, 2026

തിരുവനന്തപുരം: കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിൻ്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചെന്നും വ്യാജമല്ലെന്ന് ബോധ്യപ്പെട്ടതായും സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. നിഖിൽ തൻ്റെ ബിരുദ സർട്ടിഫിക്കറ്റ് എസ് എഫ് ഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. അതേസമയം, നിഖിലിൻ്റെ എം കോം പ്രവേശന നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സർട്ടിഫിക്കറ്റിൻ്റെ ആധികാരികത പരിശോധിക്കേണ്ടത് സർവകലാശാലയാണെന്നും കായംകുളം കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.


സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും ഓരോ സെമസ്റ്ററിലെ മാര്‍ക്ക് ലിസ്റ്റും എസ് എഫ് ഐ നേതാക്കൾ പരിശോധിച്ചു. ഒരു മാര്‍ക്ക് ലിസ്റ്റ് പോലും വ്യാജമല്ല. കേരള സര്‍വകലാശാലയില്‍ പി ജി പ്രവേശനം നേടുന്നതിന് കലിംഗാ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ രേഖയും പരിശോധിച്ചു. സംഘടനയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ആർഷോ പറഞ്ഞു.

നിശ്ചിത ഹാജറില്ലാതെ ബിരുദം നൽകുന്ന സർവകലാശാലകളുണ്ടെങ്കിൽ ഗുരുതരമാണെന്നും ചർച്ച ചെയ്യേണ്ടതാണെന്നും ആർഷോ പറഞ്ഞു. കേരളത്തിൽ അത്തരം യൂനിവേഴ്സിറ്റികളില്ല. കേരളത്തിന് പുറത്തുള്ളത് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ആർഷോ പറഞ്ഞു. ബിരുദം പാസ്സാകാതെ ബിരുദാനന്തര ബിരുദ കോഴ്സിൽ ചേർന്നുവെന്നാണ് ആരോപണം. എന്നാൽ, കലിംഗ യൂനിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എം കോം പ്രവേശനം നേടിയതെന്ന് നിഖിൽ പറയുന്നു. കലിംഗയിൽ പ്രസ്തുത കോഴ്സ് ചെയ്യുന്ന സമയത്ത് തന്നെ നിഖിൽ കായംകുളം കോളജിൽ ബി കോം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.