Fri. Nov 20th, 2026

ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തു. ഖുശ്ബുവിനും തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്കും എതിരായി നടത്തിയ പരാമർശങ്ങളുടെ പേരിൽ പൊലീസ് മുൻ ഡിഎം കെ നേതാവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.


നിരവധി സ്ത്രീകളടങ്ങുന്ന സദസിന് മുന്നിൽ തനിക്കെതിരെ ശിവാജി കൃഷ്ണമൂർത്തി മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഖുശ്ബു സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഡിഎംകെ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നവരുടെ താവളമായി മാറിയെന്നും സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ വെച്ചുനീട്ടുന്നതെന്നും ഖുശ്ബു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച ട്വീറ്റിൽ കുറിച്ചു. ഇതിന് പിന്നാലെ സെന്തിൽ ബാലാജിയ്ക്കെതിരെ ഖുശ്ബു മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതയായി പ്രതികരിച്ചിരുന്നു. വിഷയം തമിഴ്നാട് വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ പറഞ്ഞു.

വീഡിയോ വിവാദത്തിന് തുടക്കമിട്ടതോടെ ശിവാജി കൃഷ്ണമൂർത്തിയ്ക്ക് ഡിഎംകെയിലെ അംഗത്വം നഷ്ടമായി. പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയതിനാൽ ശിവാജി കൃഷ്ണമൂർത്തിയെ പുറത്താക്കിയതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗനാണ് അറിയിച്ചത്. പിന്നാലെ ചെന്നൈ കൊടുങ്ങയൂർ പൊലീസ് ശിവാജി കൃഷ്ണമൂർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗവർണർക്കെതിരെ നടത്തിയ പരാമർശത്തിന് മുൻപ് സസ്പെൻഷൻ നേരിട്ടിട്ടുള്ള നേതാവാണ് ശിവാജി സത്യമൂർത്തി.