Fri. Nov 20th, 2026

വയനാട്: കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമുണ്ടായ അപകടത്തിൽ നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മുങ്ങിമരിച്ചത്. നാല് പേരാണ് അപകടസമയം തോണിയിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടവഞ്ചിയിൽ കടക്കവേയാണ് അപകടമുണ്ടായത്. പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗിരീഷിനെ ജീവനോടെ രക്ഷിക്കാനായില്ല. വഞ്ചി മുങ്ങാനുള്ള കാരണമെന്താണെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. കാരാപ്പുഴ അണക്കെട്ടിന് സമീപമുള്ള കോളനിയിലെ നിവാസികൾ ഗതാഗതത്തിനായി കുട്ടവഞ്ചിയെ ആശ്രയിക്കുന്നത് പതിവാണ്.


അതേസമയം കഴിഞ്ഞ ആഴ്ച പത്തനംതിട്ട അച്ചൻകോവിൽ ആറിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചിരുന്നു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. ഏഴുകുട്ടികൾ അടങ്ങുന്ന സംഘം ഫുട്ബാൾ കളിച്ചതിനുശേഷമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.

അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സ്ഥലത്തെത്തിയ സ്കൂബ ടീം അംഗങ്ങളാണ് ഇരുവരെയും മുങ്ങിയെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.