Tue. Nov 24th, 2026

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണു വിധി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍.

കെ സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ മാസം 21ന് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.


സുധാകരന്‍ സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സുധാകരന്‍ കോടതിയെ അറിയിച്ചു. ഈ മാസം 23 ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്.

19 മാസങ്ങള്‍ക്ക് ശേഷം കേസില്‍ പ്രതിചേര്‍ക്കുന്നത് സംശയാസ്പദമാണെന്നാണ് ജാമ്യാപേക്ഷയിലെ സുധാകരന്റെ ആരോപണം. എം പിയായ താന്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള ആളായതിനാല്‍ കേസില്‍ നിന്ന് ഒളിച്ചോടില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു.