ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കപില്‍ സിബല്‍. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ജനരോഷം ഉയര്‍ന്നിട്ടും ബ്രിജ് ഭൂഷണെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നിശബ്ദന്‍, ആഭ്യന്തരമന്ത്രി നിശബ്ദന്‍, ബിജെപി നിശബ്ദം, ആര്‍എസ്എസ് നിശബ്ദം, അന്വേഷിക്കുന്നവര്‍ക്ക് വേണ്ട സന്ദേശമായി എന്ന് കപിൽ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.
‘എല്ലാവര്ക്കുമൊപ്പമല്ല, ബ്രിജ് ഭൂഷണിനൊപ്പം,’ സര്‍ക്കാരിന്റെ മുദ്രാവാക്യമായ ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മുദ്രവാക്യത്തെ പരിഹസിച്ച് കപില്‍ സിബല്‍ പറഞ്ഞു. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കപിൽ സിബല്‍, കഴിഞ്ഞ വര്‍ഷം മേയില്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടി (എസ്പി) പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

