Wed. Nov 25th, 2026

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഇന്നു കാണുന്ന ആഹ്ലാദത്തിനു കാരണം സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ പുലര്‍ത്തുന്ന കാരുതലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികളുടെ മനസ്സിനാകെ ഉല്ലാസം പകരുന്ന ഒന്നായി സ്‌കൂളുകള്‍ മാറുന്നു. കുട്ടികളുടെ ആഹ്ലാദം കേരളത്തിലാകെയുള്ള വിദ്യാലയങ്ങളില്‍ കാണാന്‍ കഴിയുന്ന അനുഭവമാണ്.

ഇന്ന് ഒന്നാം ക്ലാസില്‍ ചേരാന്‍ വിശിഷ്ട വ്യക്തികളായി മുന്‍നിരയില്‍ ഇരിക്കുന്ന ആര്‍ക്കും ഒരു മനോവിഷമവുമില്ല. എല്ലാവരും ആര്‍ത്തുല്ലസിച്ച് ഈ ദിവസവുമായി പൊരുത്തപ്പെട്ടു.


ചിലര്‍ ബാഗില്‍ നിന്നു പുസ്തകമെടുത്തു സ്വയം പഠിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റവും സന്തോഷവും പ്രത്യേക ഉണര്‍വും എവിടെയും കാണാന്‍ കഴിയും.

ഇതാണു കേരളത്തിന്റെ പ്രത്യേകത. നേരത്തെ സ്‌കൂളുകള്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിച്ചു. വിദ്യലയങ്ങളുടെ കെട്ടിടങ്ങള്‍ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയില്‍ ഉള്ളതുമായിരുന്നു. നിലവും ചുമരും വിണ്ടുകീറിയിരുന്നു. ഇരിപ്പിടമില്ലായിരുന്നു. പലതരത്തിലുള്ള പ്രയാസങ്ങളായിരുന്നു അനുഭവിച്ചത്. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാനുള്ള സാഹചര്യം പ്രയാസകരമായിരുന്നു. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ സ്വന്തമായ കസാരയില്‍ ഇരിക്കുന്നു. ഈ മാറ്റം കൊണ്ടുവന്ന സന്തോഷം കുട്ടികളുടെ മനസ്സില്‍ ഇടംപിടിക്കുന്നു. ആയിരക്കണക്കിനു രൂപയാണ് പൊതുവിദ്യാഭ്യസ മേഖലയില്‍ നാം ചെലവഴിച്ചത്. നാടും നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപക രക്ഷാ കര്‍തൃ സമിതിയുമെല്ലാം ഫലപ്രദമായി ഇടപെട്ടു.

അഞ്ചു ലക്ഷത്തോളം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ നിന്നു കൊഴിഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ മാറ്റമുണ്ടായപ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അഞ്ചു ലക്ഷം കുട്ടികള്‍ വിട്ടുപോയിടത്ത് പത്തുലക്ഷംകുട്ടികള്‍ പുതുതായി വന്ന അവസ്ഥയാണു കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ടുണ്ടായത്. പൊതുവിദ്യാഭ്യാസ രംഗത്തുവന്ന മാറ്റമാണു കാണാന്‍ കഴിഞ്ഞത്.


എത്ര മാത്രം കരുതലോടെയാണു വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ കാണുന്നത് എന്നു വ്യക്തമാവുന്നു. പുസ്തകത്തിന്റെ ഫോട്ടോ കോപ്പി എടുത്തു കുട്ടികള്‍ പഠിക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പഠനാന്തരീക്ഷം മാറുന്നതിനനുസരിച്ച് അക്കാഡമിക് തലത്തിലും മാറ്റമുണ്ടായി. ലാബും ലൈബ്രറിയും ആധുനിക കാലത്തിന് ആവശ്യമായ നൂതന വിജ്ഞാനം നല്‍കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഇന്നു സജ്ജമാണ്.

കുട്ടിയും വിദ്യാലയവും സ്മാര്‍ട്ടാവുന്നു. മാറ്റം എവിടെയും ദൃശ്യമാണ്. പാഠപുസ്തകത്തിനു പുറത്തുനിന്നുള്ള അറിവുകള്‍ സമ്പാദിക്കാനും സ്‌കൂളുകള്‍ സജ്ജമാണ്. നല്ലതിനെ കരുത്തുറ്റതാക്കാന്‍ കുട്ടികള്‍ക്കു കഴിയണം. നല്ലതല്ലാത്തതിനെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും കഴിയണം. നാടിന്റെ ഭാവിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കുഞ്ഞുങ്ങളെയാണ് ലക്ഷ്യമിടുന്നത്. മയക്കുമരുന്നിന് അടിപ്പെട്ടുപോയാല്‍ അതുവരെയുള്ള മനുഷ്യനല്ലാതായി മാറും. ഇത്തരം കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.