✍️ നജീബ് മൂടാടി
രഹന ഫാത്തിമ എന്ന പേര് കഴിഞ്ഞ കുറച്ചു കാലമായി മലയാളി സമൂഹത്തിന് സുപരിചിതമാണ്. സോഷ്യൽ മീഡിയയിലൂടെ മാത്രമല്ല വിവാദമായ പല പ്രതിഷേധ സമരമുഖങ്ങളിലും- കിസ്സ് ഓഫ് ലൗ മുതൽ ശബരിമലയിലെ പെൺപ്രവേശമടക്കം- മുൻ നിരയിൽ ഇവരുടെ സാന്നിധ്യമുണ്ട്.
എന്നാൽ പൊതുവിടങ്ങളിലും അല്ലാതെയും അവർ നടത്തിയ ഇടപെടലുകളെ, പ്രതിഷേധരീതികളെ, ചോദ്യം ചെയ്യലുകളെ അംഗീകരിക്കാത്തവരിലും എതിർക്കുന്നവരിലും സാധാരണക്കാർ മാത്രമല്ല പുരോഗമന ചിന്തയുള്ളവരുമുണ്ട്.
വ്യക്തിപരമായ ആക്ഷേപങ്ങളും അവഹേളനങ്ങളും മാത്രമല്ല സ്ഥലം മാറ്റം മുതൽ ജയിലിൽ കഴിയേണ്ടിവരിക വരെ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്.
ബിക്കിനി ഷൂട്ട് മുതൽ സ്വന്തം മക്കളെ കൊണ്ട് ശരീരത്തിൽ പെയിന്റ് ചെയ്യിച്ചതുവരെയുള്ള ‘പ്രകോപനപരമായ’ ചെയ്തികളാണ് രഹന ഫാത്തിമയെ സമൂഹത്തിന് പലപ്പോഴും അനഭിമതയാക്കിയത്. അതോടൊപ്പം ശബരിമല വിവാദകാലത്ത് അവർ ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയും പിന്നീട് ശബരിമലയിലേക്ക് നടത്തിയ യാത്രയും.
എത്ര മറച്ചും ഒളിപ്പിച്ചും വെച്ചാലും പെണ്ണുടലുകൾക്ക് നേരെ നിരന്തരം കൈയേറ്റം നടക്കുന്ന പെൺശരീരം കാമപൂർത്തിക്കുള്ള ഉപകരണം മാത്രമായി കാണുന്ന സമൂഹത്തിൽ സ്വയം തുറന്നു കാണിക്കുന്നതും ഒരു സമരമാണ് എന്നും അതാണ് താൻ ചെയ്യുന്നത് എന്നുമാണ് രഹനയുടെ നിലപാട്.
അംഗീകരിച്ചാലും വിയോജിച്ചാലും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അവർ സമൂഹത്തെ കുറിച്ച് പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ നമുക്ക് പാടെ നിഷേധിക്കാൻ കഴിയില്ല എന്ന് ‘രഹന ഫാത്തിമ ശരീരം സമരം സാന്നിധ്യം’ എന്ന അവരുടെ ജീവിതാനുഭവക്കുറിപ്പുകൾ വായിച്ചാൽ ബോധ്യപ്പെടും.
ദാരിദ്ര്യവും ദുരിതവും നിറഞ്ഞ ശൈശവത്തിൽ മൂന്നര വയസ്സുവരെ അക്ഷരാർത്ഥത്തിൽ കെട്ടിയിട്ടു വളർത്തപ്പെട്ട ജീവിതം. സമൂഹത്തിൽ നിന്നും ചുറ്റുപാടിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള കയ്പേറിയ ജീവിതാനുഭവങ്ങൾ. ഒട്ടും സുഖകരമല്ലാത്ത ബാല്യ കൗമാരങ്ങളിലൂടെ കടന്നുവന്ന വലിയ വിദ്യാഭ്യാസമോ മറ്റു സാമൂഹിക ഇടപെടലുകളോ ഇല്ലാത്ത ഒരു പെൺകുട്ടിയിൽ നിന്ന് ഇന്ന് സമൂഹത്തിന്റെ കാഴ്ചപ്പാടിലുള്ള നിഷേധിയോ തന്റേടിയോ താന്തോന്നിയോ ആയ രഹനയിലേക്കുള്ള യാത്രയാണ് ഈ പുസ്തകം.
രഹന എന്ന വ്യക്തിയെയോ അവരുടെ ചെയ്തികളെയോ അംഗീകരിച്ചില്ലെങ്കിലും ഈ പുസ്തകം ഉയർത്തുന്ന കുറെ ചോദ്യങ്ങളും നിരീക്ഷണങ്ങളും നമുക്ക് കാണാതെ പോവാൻ കഴിയുന്നതല്ല. ഈ പുസ്തകം വായിച്ചു കഴിഞ്ഞും ഉള്ളിൽ നോവായി നിൽക്കുന്ന ഒരാളുണ്ട്. രഹനയുടെ അനുജത്തി രേഷ്മ. കുഞ്ഞുന്നാൾ മുതൽ രോഗിയായിരുന്ന സാധാരണ മനുഷ്യരുടെയത്ര ബുദ്ധിയുറക്കാത്ത ഒരു പെൺകുട്ടി. വാടകക്ക് താമസിച്ച തമിഴനിൽ നിന്ന് ഗർഭിണിയാവുകയും പിന്നീട് വിവാഹിതയായി അയാളോടൊപ്പം തമിഴ്നാട്ടിൽ ജീവിക്കുകയും ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത അവിടെ മരിച്ചു പോവുകയും ചെയ്ത പെണ്ണ്. ചെറിയൊരു ജീവിതവും മരണവും. പക്ഷെ അവളെഴുതിയ കത്ത് ഒരു നിലവിളി പോലെ ബാക്കിയാവുന്നുണ്ട്. വായനക്കാരെ നോവിച്ചുകൊണ്ട്.
രഹന ഫാത്തിമ- ശരീരം സമരം സാന്നിധ്യം
രഹന ഫാത്തിമ
പ്രസാ: ഗൂസ്ബെറി പബ്ലിക്കേഷൻസ്
+916235178393
₹ 300
(പുസ്തകം തപാലില്‍ ലഭിക്കാന്‍ തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ 340 രൂപ 6235178393 എന്ന നമ്പറിലേക്ക് Google Pay/ Phone Pay ചെയ്ത് റെസീപ്റ്റും പൂര്‍ണ്ണമായ മേല്‍വിലാസവും (പിന്‍കോഡ് ഉള്‍പ്പെടെ) ഇതേ നമ്പറില്‍ വാട്സാപ് ചെയ്യുക. വി പി പിക്കും ഇതേ നമ്പറില്‍ ബന്ധപ്പെടുക)


