Wed. Nov 25th, 2026

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ തെരുവില്‍ വെച്ച് അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇരുപതുകാരനായ സാഹിലാണ് അറസ്റ്റിലയാത്. ഇയാളെ പിടികൂടാനായി ഡല്‍ഹി പോലീസ് ആറംഗ സംഘം രൂപീകരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ബുലംഗ്ഷഹറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷഹബാദ് ഡയറി ഏരിയയിലെ എസി മെക്കാനിക്കാണ് ഇയാള്‍.


രോഹിണിയിലെ ഷഹബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വാക്കേറ്റത്തിന് പിന്നാലെ പെണ്‍കുട്ടിയെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയും കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു.

പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും സാക്ഷിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നും തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.