കൊച്ചി: ഗൾഫിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ ശാഠ്യം പിടിച്ചതോടെ പെൺസുഹൃത്തിന് കൈമാറി സംസ്കരിച്ചു. മേയ് 19-ന് വിദേശത്ത് ആത്മഹത്യ ചെയ്ത് കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഒടുവിൽ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ബന്ധുക്കളുമായി നടന്ന ചർച്ചയിൽ ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്ക് മൃതദേഹം കൈമാറാൻ ധാരണയാവുകയായിരുന്നു. മരിച്ച ജയകുമാറും സഫിയയും ഗൾഫിൽ ഒന്നിച്ചാണ് താമസിച്ച് വന്നിരുന്നത്.
വിവാഹിതനായ ജയകുമാർ കഴിഞ്ഞ നാല് വർഷമായി സഫിയയുമായി ഒരുമിച്ച് താമസിക്കുകയാണെന്നാണ് വിവരം. ഈ സമയത്ത് നാട്ടിലെ ഭാര്യയും കുടുംബവുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചു. സഫിയയെ രജിസ്റ്റർ മാരേജ് ചെയ്യാനായി വിവാഹമോചനത്തിന് ജയകുമാർ അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സഫിയ പൊലീസിനെ വിവരമറിയിക്കുകയും നടപടി പൂർത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക് മൃതദേഹത്തെ അനുഗമിക്കുകയുമായിരുന്നു.
ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ സഫിയ പൊലീസിനെ സമീപിച്ചു. ആലുവ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഇവർ മൃതദേഹവുമായെത്തി. എന്നാൽ ബന്ധുക്കൾ നിലപാട് ആവർത്തിക്കുകയായിരുന്നു. ഒടുവിൽ ഏറ്റുമാനൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ മൃതദേഹം സഫിയയ്ക്ക് തന്നെ വിട്ടുനൽകാൻ തീരുമാനമായി. ജയകുമാറിന്റെ മൃതദേഹം എറണാകുളത്ത് തന്നെയുള്ള പൊതു ശ്മശാനത്തിലെത്തിച്ച് മറവ് ചെയ്തു.


