കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നുവെന്നും എല്ലാ ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവും. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്‌സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്‌പോട്ടുകളിലും പൊലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റ കൈവശമുണ്ട്. മുൻപ് കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട്. അതിപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല. സിനിമാ മേഖലയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് സംബന്ധിച്ച് സൂചനയില്ലെങ്കിലും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിനിമരംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് നടൻ ടിനി ടോം കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ തന്റെ മകന് അവസരം ലഭിച്ചിട്ടും വിട്ടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ, മകനെ അഭിനയിക്കാൻ വിടാത്തതെന്നും ടിനി പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ ആണ് ടിനി ടോം.


