കാസർകോട്: കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡ് ക്യാമറ മാതൃകയിൽ കെ ഫോണിലും വലിയ അഴിമതി നടന്നതായി വി ഡി സതീശൻ ആരോപിച്ചു. ബെല്ല്, എസ് ആർ ഐ ടി, റെയിൽ ടെൽ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ ലഭിച്ചത്.
എ ഐ ക്യാമറ തട്ടിപ്പ് നടത്തിയ എസ് ആർ ഐ ടി എന്ന കമ്പനി കെ ഫോണിലുമുണ്ട്. എസ് ആർ ഐ ടി അശോക് ബിൽഡ്കോൺ എന്ന കമ്പനിയ്ക്ക് ഉപകരാർ നൽകി. ഈ കമ്പനി പ്രസാദിയ കമ്പനിയ്ക്ക് കരാർ നൽകി. മുഖ്യമന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണിതെന്ന് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അശോക് ബിൽഡ്കോൺ പാലങ്ങളും മറ്റും നിർമിക്കുന്ന കമ്പനിയാണ്. ഇവർക്ക് കെ ഫോണുമായി ബന്ധമില്ല.1028 കോടിയുടെ പദ്ധതി 1548 കോടിയുടെ പദ്ധതിയായി ഉയർന്നു. അടുത്തതായി കെ ഫോണിന് മാനേജ്മെന്റ് സർവീസ് പ്രൊവൈഡർ ( എം എസ് പി) രൂപീകരിക്കുന്നതിനായി ടെണ്ടർ വിളിച്ചു. ഇതും എസ് ആർ ഐ ടിയ്ക്ക് തന്നെയാണ് ലഭിച്ചത്.
അഴിമതി ക്യാമറ ഇടപാടിൽ നടന്ന അതേ മോഡലിൽ അതേ കമ്പനികൾക്ക് തന്നെ ലാഭം ലഭിക്കുന്ന തരത്തിലെ ഇടപാടാണ് കെ ഫോണിൽ നടന്നിരിക്കുന്നത്. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് കെ ഫോണിൽ കരാറുകൾ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കാണ് മുഴുവൻ കരാറുകളും നൽകിയിരിക്കുന്നത്.
ടെണ്ടർ എക്സസ് അനുവദിക്കാൻ കത്ത് നൽകിയിരിക്കുന്നത് ശിവശങ്കറാണ്. എ ഐ ക്യാമറയിലും കെ ഫോണിലും ശിവശങ്കറുണ്ട്. പത്ത് ശതമാനത്തിലധികം ടെണ്ടർ എക്സസ് അനുവദിക്കരുതെന്ന ധനകാര്യ വകുപ്പിന്റെ നിർദേശത്തെ മറികടന്നുകൊണ്ടാണ് 50 ശതമാനം ടെണ്ടർ എക്സസ് നൽകിയിരിക്കുന്നത്. ആറുകൊല്ലമായിട്ടും സൗജന്യ ഇന്റർനെറ്റ് ലഭിച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോൺ. മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.


