കാസർകോട്: കോട്ടയം സൈബർ ആക്രമണകേസിലെ പ്രതി അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് തിരിച്ചറിയൽ കാർഡ് കിട്ടിയതോടെയാണ് മരിച്ചത് അരുൺ ആണെന്ന് പൊലീസ് ഉറപ്പിച്ചത്.
കോതനല്ലൂർ സ്വദേശി വി.എം. ആതിര (26) സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്.ആതിരയുടെ മുൻ സുഹൃത്താണ് അരുൺ. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അരുണിനായി ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസിൽ പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ കഴിഞ്ഞദിവസം ഉപരോധിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥനും മണിപ്പൂരിൽ സബ് കളക്ടറുമായ ആശിഷ് ദാസിന്റെ ഭാര്യാസഹോദരിയായ ആതിരയെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മാനസിക പീഡനത്തെത്തുടർന്ന് ഒരു വർഷം മുമ്പ് അരുണുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് ആതിര പിന്മാറിയിരുന്നു. സമീപവാസികളായിരുന്നു ഇരുവരും. അടുത്തിടെ ആതിരയ്ക്ക് മറ്റ് വിവാഹാലോചനകൾ വന്നതിന് പിന്നാലെ ഇയാൾ ഭീഷണിയും സൈബർ ആക്രമണവും തുടങ്ങി. ഞായറാഴ്ച ആതിരയുടെ പെണ്ണുകാണൽ ചടങ്ങായിരുന്നു. അതറിഞ്ഞ് അരുൺ വീണ്ടും ഫേസ്ബുക്കിൽ ആതിരയുടെ ചിത്രങ്ങളടക്കം പങ്കുവച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അരുണിനെ ഫോണിൽ വിളിച്ച് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും അരുൺ പിൻവാങ്ങിയില്ല. ആശിഷ് ദാസിനെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ചു. ഇതിൽ മനംനൊന്താണ് ആതിര ജീവനൊടുക്കിയത്. ആതിരയുടെ മാനസികാവസ്ഥ ആശിഷ് ദാസ് പൊലീസിനെ അറിയിച്ചിരുന്നു.
കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡിസൈനറായിരുന്നു ആതിര. തിങ്കളാഴ്ച രാവിലെ 6.30ന് ജോലിയ്ക്ക് പോകുന്നതിനായി അമ്മ വിളിച്ചെങ്കിലും പോകുന്നില്ലെന്നും കുറച്ചു നേരംകൂടി കിടക്കട്ടെയെന്നും പറഞ്ഞ് മുറി അടയ്ക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


