കേരളത്തെ അപകീർത്തിപ്പെടുത്താനായി നിർമ്മിച്ച ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തിലെ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിൽ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച് പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്മാൻ.
2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് എ ആർ റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചത്. ‘ഇതാ മറ്റൊരു കേരളാ സ്റ്റോറി’ എന്ന തലക്കെട്ടിൽ പങ്കുവച്ച വീഡിയോ അദ്ദേഹം റീപോസ്റ്റ് ചെയ്യുകയായിരുന്നു. ‘മനുഷ്യത്വത്തോടുള്ള സ്നേഹം നിരുപാധികവും ശാന്തിയുള്ളതുമായിരിക്കണം’. എന്ന തലക്കെട്ടിലാണ് എ ആർ റഹ്മാൻ വീഡിയോ പങ്കുവച്ചത്.
2020ൽ നടന്ന സംഭവമാണിത്. മുസ്ലീം പള്ളിയിൽ മണ്ഡപമൊരുക്കി ഹെെന്ദവ വിവാഹം നടത്തി. പിതാവ് മരിച്ചതോടെ ഹിന്ദുമതത്തിൽപെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കൽ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാർത്ഥനയോടെയും പൂജാ കർമങ്ങളോടുമാണ് പള്ളിയിൽ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു.
അതേസമയം നാളെയാണ് ‘ദി കേരളാ സ്റ്റോറി’ കേരള തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി ഇന്നലെ ക്ഷണിക്കപ്പെട്ട അതിഥികൾക്കായുള്ള ചിത്രത്തിന്റെ ആദ്യപ്രദർശനം എറണാകുളം ഷേണായിസിൽ നടന്നിരുന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണൻ, ജില്ലാ നേതാക്കൾ, ഹിന്ദു ഐക്യവേദി – ആർ എസ് എസ് ജില്ലാ ഭാരവാഹികൾ, സംവിധായകൻ മേജർ രവി തുടങ്ങിയ അമ്പതോളം പേർ സിനിമ കണ്ടു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരും എത്തിയില്ല.
Bravo ?? love for humanity has to be unconditional and healing ❤️? https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023


