Sat. Nov 21st, 2026

കോഴിക്കോട്: മകനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ സ്വദേശി നാലുകുടിപ്പറമ്പ് അജ്‌മലാണ് (30)​ അറസ്റ്രിലായത്. ഒപ്പം ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡിപ്പിച്ചിരുന്നത്. ഒരുവർഷമായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.


പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ സ്വകാര്യ ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും വീട്ടമ്മ പറയുന്നു. പീഡനം സഹിക്കാൻ കഴിയാതായതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. പ്രതി ലഹരിക്ക് അടിമയാണെന്നും ലഹരിക്കടത്ത് പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻ‌ഡ് ചെയ്തു.