Fri. Apr 19th, 2024

✍️  റോയി മാത്യു

ഏപ്രിൽ 27: ബോബന്റെയും മോളിയുടെയും സ്രഷ്ടാവ്, ടോംസ് (1929 – 2016) ഓർമ്മ ദിനം

1987 ജൂൺ. പത്രപ്രവർത്തനം എന്റെ തലയ്ക്ക് പിടിച്ചു നടക്കുന്ന കാലം. ഒ.വി.വിജയന്റെ കളരിയിൽ നിന്ന് നേരെ തിരുവനന്തപുരത്ത് എത്തിയ കാലം. എന്റെ അച്ഛൻ അക്കാലത്ത് ജംഷഡ്പുരിലെ ടിസ്കൊ കമ്പിനിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹത്തെ യാത്ര അയക്കാൻ ഞാൻ ഒരു ദിവസം കോട്ടയം റെയിൽവെ സ്റ്റേഷനിൽ പോയി. മദ്രാസ് മെയിൽ വരാൻ ഞങ്ങൾ കാത്തു നിൽക്കയായിരുന്നു.
എന്റെ തൊട്ടടുത്തു നിന്ന രണ്ട് യുവാക്കൾ പലതും സംസാരിക്കുന്ന തിനിടയിൽ അവരുടെ സംസാരം പതുക്കെ അക്കാലത്ത് മാർക്കറ്റിലിറങ്ങിയ ബോബനും മോളിയും വാരികയെക്കുറിച്ചായിരുന്നു.

അതിലെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞവർ ചിരിക്കുന്നു – ഒപ്പം ചില സംഭവങ്ങളെക്കുറിച്ച് വാദിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരാൾ പറഞ്ഞു – നിനക്കറിയാമോ മനോരമ ആഴ്ചപ്പതിപ്പിൽ ഇപ്പൊ വരയ്ക്കുന്നത് ടോംസല്ല, അയാൾക്കു പകരം വേറാരോ ആണ് – മനോരമയിൽ ജോലി ചെയ്യുന്ന നമ്മുടെ മറ്റെ അച്ചായനാ ഇക്കാര്യം പറഞ്ഞത്. ഒരു മിന്നായം പോലെ ഈ വാർത്ത എന്റെ തലയിൽ തറച്ചു.

അധികം താമസിയാതെ ട്രെയിൻ വന്നു. അച്ഛനെ യാത്രയാക്കി സ്റ്റേഷനിൽ നിന്ന് പുറത്തു ചാടി ഞാൻ നേരെ ഒരു STD ബൂത്തിൽ കേറി കലാകൗമുദി എഡിറ്റർ ജയചന്ദ്രൻ സാറിനെ വിളിച്ചു കാര്യം പറഞ്ഞു. സംഭവം നേരാണോ എന്ന് നീ നേരിട്ട് പോയി അന്വേഷിക്ക്. ടോംസ് സംസാരിക്കാൻ റെഡിയാണെങ്കാൽ നമുക്ക് വാർത്ത അടിക്കാം എന്നായിരുന്നു സാറിന്റെ മറുപടി. പിറ്റെന്ന് രാവിലെ എട്ടു മണിക്കുള്ള ഗോമതി ബസിൽ മക്കപ്പുഴ നിന്ന് വണ്ടി കേറി കോട്ടയത്തെത്തി. ടോംസിന്റെ വീടു കണ്ടു പിടിച്ചു. അസ്വസ്ഥനായി വീട്ടിനുള്ളിൽ ഉലാത്തുന്ന ടോംസിനെയാണ് ഞാനന്ന് കണ്ടത്.


ഞാനാരാ, എന്താ ഉദ്ദേശം, എന്നൊക്കെ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ഞാൻ വല്ല മനോരമ ചാരനാണൊ എന്നറിയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മനോരമയിൽ താൻ അക്കാലത്ത് അനുഭവിച്ച പീഡനങ്ങൾ, ഒറ്റപ്പെട ലുകൾ, സഹപ്രവർത്തകരുടെ വഞ്ചന ഇങ്ങനെ എല്ലാ കാര്യവും അദ്ദേഹം വേദനയൊടെ പങ്കുവെച്ചു.

ആദ്യം കവർ സ്റ്റോറിയായി അടിക്കാനായിരുന്നു ജയചന്ദ്രൻ സാറിന്റെ തീരുമാനം. കവർ സ്റ്റോറിയാക്കിയാൽ നമ്മൾ മനോരമയുടെ ഉള്ളിലെ ഒരു വിഷയം ആഘോഷിച്ചു എന്നൊരു ആരോപണം വന്നേക്കാം. അതു കൊണ്ട് ഒരു വാർത്തയാക്കാം. എന്നിട്ട് നമുക്ക് മനോരമയുടെ റിയാക്ഷൻ നോക്കാം. എന്നായിരുന്നു കലാകൗമുദിയുടെ ഉടമയായ മണി സാറിന്റെ (എം എസ് മണി) നിർദ്ദേശം. ആ തീരൂമാനം ശരിയായിരുന്നു.

“ഒരു കാർട്ടൂണിസ്റ്റ് കുരിശിൽ ” എന്ന തലക്കെട്ടൊടെ എന്റെ ഫീച്ചർ അച്ചടിച്ചുവന്നു. അക്കാലത്ത് കലാകൗമുദിക്ക് ഏതാണ്ട് ഒരു ലക്ഷം സർക്കുലേഷനും മികച്ച അംഗീകാരവും മാന്യതയും ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള വാരികയായിരുന്നു. കലാകൗമുദി !
ബോബനും മോളിയും കലാകൗമുദിയിൽ പ്രസിദ്ധീകരിക്കന്നത് നന്നായിരിക്കുമെന്ന നിർദ്ദേശം വച്ചത് എം പി നാരായണപിള്ളയായിരുന്നു. ടോംസിനെ നേരിട്ട് കണ്ട് സംസാരിക്കാൻ ഞാനും ജയൻസാറും കൂടി കോട്ടയത്തു പോയി. ടോംസിന് അക്കാര്യത്തിൽ നൂറ് വട്ടം സമ്മതമായിരുന്നു. പിറ്റെ ആഴ്ച മുതൽ പ്രസിദ്ധീ കരിച്ചു തുടങ്ങാമെന്ന് ജയൻ സാറ് വാക്കു കൊടുത്തു. ഞങ്ങൾ കോട്ടയത്തു നിന്ന് മടങ്ങി.


രണ്ട് ദിവസം കഴിഞ്ഞ് ടോംസിന്റെ കാർട്ടൂൺ കൊറിയരിലെത്തി. മനോരമ വാരികയിലേതു പോലെ കലാകൗമുദിയുടെ അവസാന പേജിൽ തന്നെ ബോബനും മോളിയും തുടങ്ങാമെന്ന് തീരുമാനിച്ചു. ആ ദിവ സങ്ങളിൽ മനോരമ വാരികയിൽ ഏതോ വ്യാജനെ ഉപയോഗിച്ച് ബോബനും മോളിയും വരപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ടോംസിന്റെ ബോബനും മോളിയും എന്ന തലക്കെട്ടോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. വാരിക തിങ്കളാഴ്ച മാർക്കറ്റിലിറങ്ങി. വ്യാഴാഴ്ച മനോരമയുടെ വക്കീൽ നോട്ടീസെത്തി. പകർപ്പവകാശ ലംഘനം ആരോപിച്ചാ യിരുന്നു അഡ്വ. KP . ദണ്ഡപാണിയുടെ (മുൻ അഡ്വക്കേറ്റ് ജനറൽ) നോട്ടീസ്. ടോംസിന്റെ ബോബനും മോളിയും കലാകൗമുദി പ്രസിദ്ധീകരിക്കുന്നതിനെതിരെ മനോരമ എറണാകുളം ജില്ലാ കോടതിയിൽ നിന്ന് താൽക്കാലിക നിരോധനഉത്തരവ് സമ്പാദിച്ചിരുന്നു. പിന്നീട് ഹൈക്കൊടതി ആ ഉത്തരവ് റദ്ദാക്കി.

ടോംസിനോട് മനോരമ കാണിച്ച വഞ്ചനക്കെതിരെ ആഞ്ഞടിക്കാൻ കലാകൗമുദി തീരുമാനിച്ചു. നട്ടെല്ലുള്ള ഒരു പത്രമുതലാളിയും ആർജവമുള്ള ഒരു പത്രാധിപരുമായിരുന്നു കലാകൗ മുദിക്ക് അന്നുണ്ടായിരുന്നത്. ടോംസിന്റ പ്രശനം അടിസ്ഥാനമാക്കി കലാകൗമുദി ഒരു പ്രത്യേക പതിപ്പിറക്കി. സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, നിയമജ്ഞർ, എന്നിവർക്കു പുറമെ ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളായ അബു ഏബ്രഹാം, സുധീർ ധർ, സാമുവേൽ, തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഒരു സമഗ്ര പതിപ്പ് പുറത്തിറക്കി. പകർപ്പവകാശ വിഷയത്തെക്കുറിച്ച് ഇന്ത്യയിൽ നടന്ന ചർച്ചയായിരുന്നു അത്. ടോംസിന് അനുകൂലമായി അഭിപ്രായം പറഞ്ഞ പന്തളം സുധാകരൻ, മാത്യു സ്റ്റീഫൻ തുടങ്ങിയ യു ഡി എഫ് എം എൽ എ മാർക്ക് മനോരമയിൽ ഒരു പാട് കാലം അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.


ഈ പ്രത്യേക പതിപ്പിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ അമേരിക്കയിൽ നടന്ന സമാനമായ കാർട്ടൺ പകർപ്പവകാശ തർക്കത്തെ ക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. സത്യം പറഞ്ഞാൽ ഇന്ത്യയിലെ അഭിഭാഷ കർക്ക് പകർപ്പവകാശ നിയമത്തെ ക്കുറിച്ച് അക്കാലത്ത് വലിയ പിടിപാടില്ലായിരുന്നു. പോളിന് ഇക്കാര്യത്തിലുള്ള അറിവ് മനസിലാക്കിയ ജയൻ സാറ് കേസ് നടത്തിപ്പ് അദ്ദേഹത്തെ ഏൽപ്പിച്ചു. കലാകൗമുദിയുടെ ഈ പ്രത്യേക പതിപ്പ് മനോരമ വ്യാപകമായി മാർക്കറ്റിൽ നിന്ന് വാങ്ങിക്കൂട്ടി കത്തിച്ചു. മനോരമയുടെ ഈ നീക്കമറിഞ്ഞ കൗമുദി മാനെജ്മെന്റ് കേരളകൗമുദി പത്രത്തിൽ വിശദമായ വാർത്ത എഴുതി. എം എസ്. മണിയാ യിരുന്നു അന്ന് കേരളകൗമുദിയുടെ എഡിറ്റർ. കേരളകൗമുദിയെക്കാൾ ആയിരം മടങ്ങ് സർക്കുലേഷൻ ഉള്ള മനോരമ പത്രം കലാകൗമുദിയിൽ വന്ന പ്രതികരണങ്ങളിലും വാർത്തകളിലും ഞെട്ടി വിറച്ചു നാണം കെട്ടു.

പകർപ്പവകാശ നിയമത്തിന്റെ പേരിൽ നടന്ന കേസിൽ കോട്ടയം സബ് കോടതിയിലെ ജഡ്ജിയായിരുന്ന ഗോവിന്ദൻ മനോരമക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഈ ഗോവിന്ദനെ അഴിമതി ആരോപണത്തിന്റെ പേരിൽ പിന്നീട് ഹൈക്കോടതി പിരിച്ചുവിട്ടു. തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഒരു കോടതി വിധിയെ പിടിച്ച് മനോരമ ഏതാണ്ടൊരു ഔദാര്യം പോലെ ബോബനും മോളിയുടെ പകർപ്പവ കാശം ടോംസിന് വിട്ടുകൊടുത്ത് കേസിന്റെ നൂലാമാലകളിൽ നിന്നൊഴിവായി. കെ.എം. മാത്യു വെന്ന ബുദ്ധിമാനായ പത്രാധിപരുടെ തന്ത്രപരമായ നീക്കമായിരുന്നു ഈ ഇഷ്ടദാനം! സുപ്രീം കോടതി വരെ പോയാലും തങ്ങൾക്കനുകൂലമായ വിധി കിട്ടില്ലെന്ന തിരിച്ചറിവായിരുന്നു ഈ ദാനത്തിന്റെ പിന്നിലുണ്ടായിരുന്നത്.

നിർമ്മലനും സാധുവുമായ ഒരു കലാകാരനോട് മനോരമ കാണിച്ച നെറികേടിനൊട് ചരിത്രം ഒരിക്കലും പൊറുക്കില്ല. ഈ വൈരാഗ്യം മനസിൽ കിടക്കുന്നതു കൊണ്ടാവാം മാത്തുക്കുട്ടിച്ചായന്റെ [കെ. എം. മാത്യു) പിൻ തലമുറക്കാർ ടോംസി നെക്കുറിച്ച് മാന്യമായൊരു ചരമക്കുറിപ്പു പോലും എഴുതാതെ അവരുടെ ഇഷ്ടദാനത്തെ ക്കുറിച്ച് മാത്രം പത്രത്തിൽ പാടിപ്പുകഴ്ത്തിയത്. മനോരമ ടോംസിനെ എത്രകണ്ട് തമസ്കരിച്ചാലും മലയാളികളുടെ മനസിൽ നക്ഷത്രമായി ടോംസ് ജീവിക്കും. ലോകവസാനംവരേക്കും നമ്മെ ചിരിപ്പിക്കാനുള്ള നർമം വിതറി കടന്നു പോയ ടോംസ് ചിരിയുടെ തമ്പുരാൻ തന്നെയാണ്.