Wednesday, November 29, 2023

Latest Posts

ഏപ്രിൽ 27: ടി കെ മാധവൻ ഓർമ്മദിനം; ഒന്നാം ശൂദ്രലഹളയും ടികെ മാധവനും

✍️  ലിബി. സി.എസ് 

ഏറ്റവും പ്രാഥമീക മനുഷ്യാവകാശമായ പൊതുനിരത്തിലൂടെ വഴിനടക്കാനും സ്കൂളിൽ പ്രവേശനം നേടാനും വിഘാതമായി നിൽക്കുന്ന അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു ടി.കെ.മാധവൻ.

തൊട്ടു തീണ്ടാതിരിക്കാൻ തന്നെ ചൂരൽ കൊണ്ട് എറിഞ്ഞടിച്ച കളരി ആശാനോട് “ആശാൻറെ അക്ഷരം അങ്ങെടുത്തോ എൻറെ ഓല ഇങ്ങു താ..” എന്ന് ആറാം വയസിലെ കലഹിച്ചയാളാണ് തിരുവിതാംകൂറിലെ ഏറ്റവും വലിയ ജന്മിയായിരുന്ന ആലുംമൂട്ടിൽ കേശവൻ ചാന്നാരുടെയും ഉമ്മിണി അമ്മയുടെയും മകൻ ടികെ മാധവൻ.

തൻറെ 17 ആം വയസിൽ തന്നെ ഹരിപ്പാട് ഇംഗ്ലീഷ് സ്കൂളിൽ, ഈഴവ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. അവസാനം സ്കൂൾ ഇൻസ്പെക്ടർ രാജരാജവർമ്മ ഇടപെട്ട് പ്രവേശനം നൽകിയതിനെ തുടർന്നാണ് 1904-ലെ കുപ്രസിദ്ധമായ ‘നായരീഴവ ലഹള; തുടങ്ങുന്നത്.


1902ല്‍ ഹരിപ്പാട് ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ ഈഴവ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിനായി ടി കെ മാധവന്‍ ശ്രമിച്ചു. നിയമം അനുകൂലമായിരുന്നു. എന്നാല്‍, സവര്‍ണരുടെ എതിര്‍പ്പു ഭയന്ന് ഹെഡ് മാസ്റ്റര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് എഴുത്തുകുത്തുകള്‍ വഴി രണ്ട്‌ വർഷത്തിന് ശേഷം സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ എം രാജരാജവര്‍മ്മ ഇടപെട്ട് രണ്ട് ഈഴവ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കി. ഇതിനെ തുടര്‍ന്ന് ലഹളയുണ്ടായി. ഈ ലഹളയാണ് ‘നായരീഴവ ലഹള’യായി തിരുവിതാംകൂറിൽ പടർന്നത്. 1905 ജനുവരി 22ന് ലഹള രൂക്ഷമായി. നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ആയിരുന്നു. കൊല്ലം, കാര്‍ത്തികപള്ളി പ്രദേശങ്ങളിലും ഹരിപ്പാടും ആയിരുന്നു കലാപം.

നായര്‍ സ്ത്രീകളെ പോലെ ഈഴവ പെണ്ണുങ്ങള്‍ വസ്ത്രധാരണം നടത്തുന്നതും പ്രശ്‌നമായി. കായംകുളത്തിനടുത്തുള്ള ഒരു ഈഴവസ്ത്രീ മുട്ടിന് താഴെ ഇറങ്ങുന്ന മുണ്ട് ഉടുത്തുപോയപ്പോള്‍ നായന്മാര്‍ എതിര്‍ത്തു. തുടര്‍ന്ന് നടന്ന അടിലഹളക്ക് ശേഷം ഈഴവര്‍ നായന്മാരുടെ കൃഷിസ്ഥലങ്ങളില്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും ബഹിഷ്‌കരിച്ചു. മറ്റ് അവര്‍ണ ജാതിക്കാരായ തൊഴിലാളികളും ഈഴവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോലിയില്‍ നിന്നും വിട്ടു നിന്നു.

ഈഴവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ നായന്മാരെ വഴിയില്‍ തടയുക, അവരുടെ കുടമടക്കിക്കുക, ഏത്തംഇടീക്കുക ഇവയെല്ലാം നിര്‍ബന്ധിച്ചു ചെയ്യിച്ചു. പകരം നായന്മാരുടെ ശക്തി കേന്ദ്രങ്ങളില്‍ അവരും ഈഴവരോട് ഈവിധമൊക്കെ പെരുമാറി. നായന്മാരുടെ ഏറ്റവും വലിയ വിദ്വേഷത്തിന് ഇരകളാക്കപ്പെട്ടത് ഈഴവ സമുദായം ആയിരുന്നു.


പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്‍ മാധവറാവ് ഈഴവന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കാവാലം നീലകണ്ഠപ്പിള്ളയായിരുന്നു സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്. ആ യോഗ തീരുമാനപ്രകാരമാണ് ഇരുകൂട്ടരും അന്യോന്യമുള്ള അക്രമത്തിന് വിരാമം ഇട്ടത്. ശ്രീനാരായണ ഗുരുദേവനോടൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭയായിരുന്നു പരവൂര്‍ വി.കേശവനാശാൻ. അദ്ദേഹത്തിൻറെ ശിഷ്യനാണ് ഡോ.വി. വി. വേലുക്കുട്ടി അരയൻ.

ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്തിന്റെ ഏടുകളില്‍ നിന്നു പൊങ്ങി വരുന്നത് എന്നതുകൊണ്ടാണ്‌ രണ്ടാം ശൂദ്രലഹള നടക്കുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് ആശ്ചര്യമൊന്നും തോന്നാതിരുന്നതും അതിനെ മുഖാമുഖം നേരിടാനുള്ള ധൈര്യം നൽകിയതും.

1914-ൽ ഈഴവർക്ക് ഒരു പത്രമെന്ന നിലയിൽ ടികെ മാധവൻ ‘ദേശാഭിമാനി’ ആരംഭിച്ചു. അതിന് കേരള പാണിനി എ.ആർ.രാജരാജ വർമ എഴുതി നൽകിയ മംഗളാശംസ ടി കെയുടെ സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങളിൽ ജനത എത്രമാത്രം തൽപ്പരരായിരുന്നുവെന്ന് വിളിച്ചോതുന്നു. വഴിനടക്കാനും തൊഴിലെടുക്കാനും വിദ്യാഭ്യാസത്തിനും ക്ഷേത്രാരാധനയ്‌ക്കും എല്ലാവർക്കും അവകാശമുണ്ടെന്നും തന്റെ പത്രത്തിലൂടെ അദ്ദേഹം വാദിച്ചു. ഇതേ വർഷം തന്നെയാണ് ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുന്നതും.


1919-ൽ ഇ.ജെ.ജോണിന്റെ നേതൃത്വത്തിൽ നടന്ന സുപ്രസിദ്ധമായ പൗരസമത്വയോഗത്തിൽ പ്രധാന പ്രാസംഗികനായി. ദിവാന് നിവേദനം സമർപ്പിക്കാനുള്ള പ്രതിനിധിയായി. അതിനുശേഷമാണ് അഹിന്ദുക്കൾക്കും അവർണ്ണഹിന്ദുക്കൾക്കും റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിയമനം നൽകാൻ തീരുമാനമായത്.

1917 സെപ്തംബർ 27ന് നടന്ന തിരുനൽ‌വേലി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ടി.കെ. മാധവൻ തിരുവിതാംകൂറിലെ ഈഴവ സമുദായത്തിന്റെ അവസ്ഥ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എങ്കിലും ഫലമൊന്നുമുണ്ടായില്ല.

1923 ഡിസംബറിൽ മൗലന മുഹമ്മദ് അലി അദ്ധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ ടി.കെ. മാധവൻ അവതരിപ്പിച്ച; മൗലന മുഹമ്മദ് അലി പിന്താങ്ങിയ, അയിത്തോച്ചാടന പ്രമേയം ഗത്യന്തരമില്ലാതെ അന്നത്തെ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കപ്പെടുകയായിരുന്നു. അയിത്തോച്ചാടന പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനത്തിൽ പോലും രണ്ടുതരം ഭോജന ശാലകളായിരുന്നു. വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ അല്ല. ബ്രാഹ്മണ- അബ്രാഹ്മണ ഭോജന ശാലകൾ ആയിരുന്നു. അതിൽ ബ്രാഹ്‌മണ ഭോജനശാലയിൽനിന്ന് നെഹ്‌റുവും അബ്രാഹ്മണ ഭോജന ശാലയിൽ നിന്നും ഗാന്ധിജിയും ഭക്ഷണം കഴിച്ചിരുന്നു. ഇതിലൊന്നും ഒരുകുഴപ്പവും കണ്ടിരുന്ന ആളുകളല്ല ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ.


ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 1924 ലെ ബെൽഗാം സമ്മേളനത്തിലും പങ്കെടുത്ത് ടി കെ മാധവൻ അധഃകൃതരുടെ അവകാശങ്ങൾക്കായി സമരംചെയ്യണമെന്ന് ആഹ്വാനംചെയ്‌തു. തുടർന്നാണ് അയിത്തോച്ചാടന സമിതി രൂപവത്കരിച്ചതും പൊതുനിരത്തിൽകൂടി അയിത്തക്കാർക്ക് നടക്കാനായി വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ചതും.

1927ൽ ടി കെമാധവൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി. എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ടി കെ മാധവൻ “ധർമ്മഭട സംഘം” എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. ഡോ.പൽപ്പുവിന്റെ ജീവചരിത്രം എഴുതിയത് ടി.കെ.മാധവനായിരുന്നു. ഹരിദാസി (വിവർത്തനം), ക്ഷേത്രപ്രവേശനം, എന്റെ ജയിൽ വാസം (അപൂർണ്ണം) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.
1930 ഏപ്രിൽ 27-ന് അന്തരിച്ചു!





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.