Mon. Nov 23rd, 2026

തിരുവനന്തപുരം: ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി ജല മെട്രോയും മോദി നാടിന് സമർപ്പിച്ചു. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണിത്. 3200 കോടി രൂപയുടെ പദ്ധതികൾക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർ‌ത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്തു.


‘ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവർത്തനങ്ങളും ആരംഭിച്ചു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരാണ്, വിദ്യാസമ്പന്നരാണ്. ഇന്ന് രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ബോധവാന്മാരാണ്. അതിനാൽ നിങ്ങൾക്കറിയാം ലോകത്തും രാജ്യത്തും എന്താണ് നടക്കുന്നതെന്ന്. ഭാരതത്തിന്റെ വികസന സാദ്ധ്യതകൾ ലോകത്താകമാനം അംഗീകരിച്ചു കഴിഞ്ഞു. അതിന് ഒരു കാരണം കേന്ദ്ര സർക്കാരാണ്. കേരളം വികസിച്ചാൽ അതിലൂടെ ഭാരതത്തിന്റെ വികസനത്തിന് വേഗതയേറും.’- മോദി പറഞ്ഞു.

​​ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്,മന്ത്രിമാരായ അബ്ദുൾ റഹ്മാൻ, ആന്റണി രാജു, ശശി തരൂർ എംപി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ദിനമാണിന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

‘നാടിന്റെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ആദരണീയനായ പ്രധാനമന്ത്രി തന്നെ ഇതിനുവേണ്ടി എത്തിച്ചേർന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷമുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിൽ അദ്ദേഹം മോദിയോട് നന്ദി പറയുകയും ചെയ്തു.


സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുവേണ്ടി മോദി സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് വന്നത്. വന്ദേഭാരത് ട്രെയിൻ മികച്ച യാത്രാനുഭവം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. രണ്ട് വർഷത്തിനകം ഇതിന്റെ വേഗത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ചാവേർ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മോദിയ്ക്ക് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് (എസ്.പി.ജി),കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. ഉന്നത ഐ.ബി ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ട്.