Wednesday, November 29, 2023

Latest Posts

ഏപ്രിൽ 22: പി.കെ. ചാത്തൻമാസ്റ്റർ ഓർമ്മദിനം

“പാളേകഞ്ഞി കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ “

അധികാരത്തിന്റെ ഹജൂർകച്ചേരിയിൽ കറുത്ത തൊലിയുള്ളവർക്ക് പതിത്വം കൽപ്പിച്ച, ഇന്നും തുടരുന്ന അഴുകിയ ഫ്യൂഡൽ പ്രതിപത്തിയുടെ പുളിച്ചുതികട്ടലാണ് ഈ മുദ്രാവാക്യങ്ങളിൽ!

സ്ത്രീകളോട് അതും കുലയല്ലാത്ത സ്ത്രീകളോടുള്ള ഇവരുടെ സമീപനം നോക്കൂ-

”വാടീ ഗൗരീ ചായ കുടി,
കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ചെങ്കൊടി ഞങ്ങൾ താഴ്ത്തിക്കെട്ടും
തമ്പ്രാനെന്ന് വിളിപ്പിക്കും..
പാളേൽ കഞ്ഞി കുടിപ്പിക്കും….
ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്!
മന്നം ചാക്കോ ശങ്കർ പട്ടം

മമ്മതുകോയ സിന്ദാബാദ്…

ഈ സമരത്തെയാണ് പാംപ്ലാനിയും ‘കത്തോലിക്കാസഭ’യും കഴിഞ്ഞദിവസം മഹത്വപ്പെടുത്തിയത്.


പ്രബുദ്ധമെന്ന് വീമ്പിളക്കുന്ന കേരളത്തിന്റെ വർത്തമാന സാമൂഹ്യജീവിതത്തിലും ആ പുളിച്ചു തികട്ടലിന്റെ അവശിഷ്ടം ഇപ്പോഴുമുണ്ടെന്നുള്ളതിന്റെ ലക്ഷണങ്ങളാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും മുഖ്യമന്ത്രിയുടെ കുലതൊഴിൽ ചികഞ്ഞെടുത്തു സുഖിക്കുന്നവരിലും ചോ കൂ മോനെ എന്നെല്ലാം വിളിക്കുന്നവരിലും കാണുന്നത്.

ഇഎംഎസ് നെപ്പോലെ തന്നെ ചാത്തൻമാസ്റ്ററും സമുദായ പ്രവർത്തനങ്ങളിൽ നിന്നും തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകൃഷ്ടനായ ആളാണ്. എന്നാൽ ചാത്തൻമാസ്റ്ററും ഗൗരിഅമ്മയും നേരിട്ട ജാതീയ അധിക്ഷേപം മുഖ്യമന്ത്രി ആയിരുന്നിട്ടും ഇഎംഎസ് നു നേരിടേണ്ടി വരാതിരുന്നതും പിണറായി വിജയൻ നേരിട്ട ജാതീയ അധിക്ഷേപം കോടിയേരി ബാലകൃഷ്‌ണന്‌ നേരിടേണ്ടി വരാതിരുന്നതും അതുകൊണ്ടാണ്.

സവർണ്ണതയുടെ ഈ പുളിച്ചുതികട്ടലുകളെ പ്രതിരോധിക്കുന്നതിന് പകരം മാഷിൻറെ പ്രസ്ഥാനം ഉൾക്കൊള്ളുന്ന മുന്നണി ഇന്ന് വരേണ്യതയെ പുൽകുകയും അഗ്രഹാരദാരിദ്ര്യത്തിൽ വേവലാതിപ്പെടുന്നതും സവർണ്ണ സംവരണം ഏർപ്പെടുത്തി ജാതി സംവരണം അട്ടിമറിക്കുന്നതിലും വ്യാപൃതരായിരിക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.


ചരിത്രം രേഖപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. അതുകൊണ്ട് മാസ്റ്റര്‍ നടത്തിയ സമരങ്ങളും തന്റെ വര്‍ഗ്ഗത്തിന് വേണ്ടി ചെയ്ത സേവനങ്ങളും പുതുതലമുറക്ക് ഇന്ന് അജ്ഞാതമായിരിക്കുന്നു. കല്ലറ സുകുമാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ “കേരളത്തില്‍ ചാത്തന്‍ മാസ്റ്ററുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു രോമം ചായ്ക്കാന്‍ പറ്റിയ നേതാക്കള്‍ കേരളത്തില്‍ വേറെയില്ല. ‘തമ്പുരാൻ ഇങ്ങോട്ട് തല്ലിയാൽ തിരിച്ച് തല്ലിക്കൊ കേസ് ഞാൻ നടത്തിക്കൊള്ളാം’ എന്ന് വ്യംഗ്യാർത്ഥത്തില് പട്ടിക ജാതി വർഗ വിഭാഗത്തോട് ഉദ്ബോദിപ്പിച്ച പി.കെ ചാത്തൻ മാസ്റ്റർ അധികാരത്തെ എങ്ങനെ സമുദായത്തോട് ചേർത്ത് നിർത്താം എന്ന് കാണിച്ച ഭരണധികാരിയാണ്. ദലിത് ആത്മഭിമാന പോരാട്ട ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപെട്ട പേരാണ് പികെ ചാത്തൻ മാസ്റ്റർ.”

1957- ലെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗര്ഭ‍നായ മന്ത്രിയായിരുന്നു ശ്രീ ചാത്തന്മാ‍സ്റ്റര്‍. 1957ലെ പ്രതാപം മനസ്സില്‍സൂക്ഷിച്ച ശ്രീ ചാത്തന്മാ‍സ്റ്റര്‍1967 ല്‍ ചാലക്കുടിയില്‍ മത്സരിച്ചസമയത്ത് ഒരുപട്ടികജതിക്കാരന്‍ ജനറല്‍ സീറ്റില്‍ മത്സരിച്ച ഏക കാരണത്താല്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയുണ്ടായി. കേരളത്തില്‍ കോണ്ഗ്രസ്സിനെ വെറും ഒന്പ‍തു സീറ്റിൽ കേരളനിയമസഭയിലെ മൂലയിൽ ഒതുക്കി മുഴുവന്‍ സീറ്റുകളും തൂത്ത് വാരുമ്പോളും ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തില്‍ ജനിച്ചുപോയതുകൊണ്ട് ആദ്യത്തെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ മന്ത്രി ശ്രീ ചാത്തന്മാ‍സ്റ്റര്‍ വിജയിച്ചില്ല.

1920ൽ തൃശൂർ ജില്ലയിലെ മാടായിക്കോണത്തു കവലന്റെയും ചക്കിയുടെയും മകനായി പി.കെ.ചാത്തൻ ജനിച്ചു. തൃശൂരിലെ കൂടൽ മാണിക്യം ക്ഷേത്ര പരിസരത്തുകൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന കുട്ടംകുളം സമരത്തിന് നേതൃത്വം നൽകി.1954-56 വരെ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം മൂന്ന് തവണ കേരള നിയമസഭയിലും അംഗമായിരുന്നു. ഒന്നാം കേരള മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണം, പട്ടികജാതിക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു. ദളിതരായ കർഷകത്തൊഴിലാളികളെ അണിനിരത്തി സമസ്‌ത കൊച്ചി പുലയമഹാസഭ എന്ന സംഘടന രൂപീകരിച്ചു. കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് 1970ൽ അദ്ദേഹം കേരള പുലയ മഹാസഭ സ്ഥാപിച്ചു.1988 ഏപ്രിൽ 22ന് തന്റെ 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ചാത്തൻ മാഷ് ഒരു സമുദായ പരിഷ്കർത്താവാണ്, എന്നാൽ, ആത്യന്തികമായി കമ്മ്യൂണിസ്റ്റുമാണ്.
മാസ്റ്ററുടെ മുപ്പത്തിഅഞ്ചാം ചരമവാർഷികത്തിൽ
ആ നവോത്ഥാനനായകന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.