Mon. Jul 27th, 2026

കൊച്ചി: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച ഹ‌ർജിയിൽ സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റാനാകില്ലെങ്കിൽ പകരം സ്ഥലം കണ്ടെത്തുന്നതിന് കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


അരിക്കൊമ്പനെ എങ്ങനെയാണ് മാറ്റുന്നതെന്നുള്ള റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സർക്കാർ വിദഗ്ദ്ധ സമിതിയെ അറിയിക്കണം. സർക്കാർ‌ തീരുമാനിച്ച സ്ഥലം സമിതി അംഗീകരിച്ചാൽ ഹൈക്കോടതിയുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കണം. ഇടുക്കിക്ക് പുറമേ വയനാട്ടിലും പാലക്കാടും ദൗത്യസംഘം വേണം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. ഡി എഫ് ഒയും റവന്യു ഡിവിഷൻ ഓഫീസറും ദൗത്യസംഘത്തിൽ ഉണ്ടാകണം. ദൗത്യസംഘം പഠിച്ചതിന് ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.