Tue. Jul 28th, 2026

കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം കണ്ണൂരില്‍ പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂര്‍ 10 മിനിട്ടുകൊണ്ടു ട്രെയിന്‍ കണ്ണൂരിലെത്തി. വിവിധ സ്റ്റേഷനുകളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊടികളുമേന്തി വന്ദേ ഭാരത് എക്സ്പ്രസിനു വരവേല്‍പ്പു നല്‍കി. ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.


ഏഴിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിന്‍ ആദ്യ സ്റ്റോപ്പായ കൊല്ലത്ത് എത്തിയത് അന്‍പത് മിനിട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇതേ സമയമെടുത്ത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന മറ്റു ട്രെയിനുകളുമുണ്ട്. ആ ട്രെയിനുകളെ മറികടക്കാന്‍ വന്ദേഭാരതിന്റെ വേഗത്തിനായില്ലെന്നാണു പ്രാഥമിക നിഗമനം.

അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ഓടിയെത്തുന്ന നാല് ട്രെയിനുകളില്‍ ഒന്ന് കൊച്ചുവേളി- കോര്‍ബ എക്സ്പ്രസാണ്. പുലര്‍ച്ചെ 6.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് 7.5 നാണ് കൊല്ലത്ത് എത്തുന്നത്. ഇത് കൂടാതെ കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരീബ് രഥ് എക്സ്പ്രസ്, കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പുര്‍ എ സി എക്സ്പ്രസ് എന്നിവയും അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തും.

കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ 52 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ട്രിവാന്‍ഡ്രം-നിസാമുദ്ദീന്‍ എക്സ്പ്രസിന്റെ യാത്രാ സമയം 53 മിനിട്ടാണ്. സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്, ജന്‍ ശതാബ്ദി എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ്, നിസാമുദ്ദീന്‍ എക്സ്പ്രസ്. അരോണൈ എക്സ്പ്രസ്, അമൃത്സര്‍ എക്സ്പ്രസ്, ഗരീബ് രഥ് എക്സ്പ്രസ്, ഷാലിമാര്‍ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവ 55 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ഈ ട്രെയിനുകളില്‍ ചിലത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലത് കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രൈല്‍ റണ്ണിനേക്കാള്‍ ഉയര്‍ന്ന വേഗം പിന്നീട് കൈവരിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.





 

You missed