✍️ സുരേഷ്. സി ആർ
‘തലയ്ക്ക്മീതെ ശൂന്യാകാശം
താഴെ മരുഭൂമി
തപസ് ചെയ്യും വേഴാമ്പൽ ഞാൻ
ദാഹ ജലം തരുമോ…
ദാഹജലം തരുമോ….?’
മലയാള നാടകത്തെ ചുവപ്പിച്ച നാലക്ഷരമായ ‘കെപിഎസി’ എന്ന വികാരത്തെ നാടാകെ പാടി വളർത്തിയ ഗായികയാണ് കെ.പി.എ.സി. സുലോചന(1938 – 2005). അരങ്ങിലും ജീവിതത്തിലും ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു.
മാവേലിക്കര കോട്ടയ്ക്കകത്ത് ജനനം. ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയിലൂടെ പ്രൊഫഷണൽ രംഗത്തെത്തി. മുൻഷി പരമു പിള്ളയുടെ ‘അധ്യാപകൻ’ എന്ന നാടകത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചാണ് നാടകരംഗത്തേക്കു കാലൂന്നിയത്.
1951-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലൂടെ കെ. പി. എസിയിലെത്തി. തുടർന്ന് അശ്വമേധം, സർവേകല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ നാടകങ്ങളിൽ ഗായികയായും അഭിനേത്രിയായും തിളങ്ങി.

1955-ൽ ആർ.വേലപ്പൻ സംവിധാനം നിർവഹിച്ച ‘കാലം മാറുന്നു’ എന്ന സിനിമയിൽ കെ എസ് ജോർജ്ജിന്റെ കൂടെ, ‘ഈ മലർ പൊയ്കയിൽ’ എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായും വേഷമിട്ടു.
അമ്പിളിയമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതീ, എന്തമ്മേ കൊച്ചുതുമ്പീ (മുടിയനായ പുത്രൻ), തലയ്ക്കുമീതേ ശൂന്യാകാശം (അശ്വമേധം), വെള്ളാരം കുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), വള്ളിക്കുടിലിന്നുള്ളിലിരിക്കും (സർവേക്കല്ല്), മാൻകിടാവേ മാൻകിടാവേ (വിശറിക്കു കാറ്റുവേണ്ട), ‘ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ’, രണ്ടിടങ്ങഴി എന്ന സിനിമയിൽ കമുകറ പുരുഷോത്തമനൊപ്പം പാടിയ ‘തുമ്പപ്പൂപെയ്യണ പൂനിലാവേ’,
തുടങ്ങിയ ഗാനങ്ങൾ മലയാളികൾ ഒരിക്കലും മറക്കാത്തവയാണ്.
1950-കളിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം നിരോധിച്ച ഘട്ടത്തിൽ അറസ്റ്റിലായിട്ടുണ്ട്. 1983-ൽ ‘സംസ്കാര’ എന്ന നാടകട്രൂപ്പ് രൂപീകരിച്ചു. 12 നാടകങ്ങളിൽ അഭിനയിച്ചു.
1997-ൽ കേരള സംഗീതനാടക അക്കാഡമി അവാർഡ്, 1999-ൽ നാടകത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് സംസ്ഥാന സർക്കാർ പുരസ്കാരം, പ്രേംജി പുരസ്കാരം, തിക്കൊടിയൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2007-ൽ മരണാനന്തരം പ്രസിദ്ധീകരിച്ച ‘അരങ്ങിലെ അനുഭവങ്ങൾ’ ആത്മകഥയാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.
സുലോചനയുടെ ആത്മകഥയ്ക്ക് എഴുതിയ അവതാരികയിൽ അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. “ഈ ആത്മകഥ സുലോചനയുടെ നാവിൽ നിന്നൂർന്നുവന്ന ഐതിഹാസികമായ കലാസൃഷ്ടിയാണ്. സരളവും ശാലീന സുഭഗവുമായ ഒരു ആഖ്യാനരീതി നിലനിർത്തുന്ന ഈ കഥാകഥനം വളരെയേറെ മേന്മ അർഹിക്കുന്നു. ജീവിത പ്രതിസന്ധിയിൽ ഒരു കാലഘട്ടത്തിലെ ജീവിതശൈലി എല്ലാം ഇതിൽ വ്യക്തമാക്കുന്നു.”


