Wed. Nov 4th, 2026

തിരുവനന്തപുരം: അനിയനൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന 14-കാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെ (കിച്ചാമണി – 35) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷിച്ചത്. പിഴ തുക ഒടുക്കാത്ത പക്ഷം മൂന്ന് വർഷവും ഒൻപത് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

2025 ജനുവരി 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ 7.45-ഓടെ അനുജന്റെയൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ, അച്ഛന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് അനുജനെ പാതിവഴിയിൽ ഇറക്കിവിട്ട ഇയാൾ, ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കടയിൽ കൊണ്ടുപോയി. തിരികെ പോകുംവഴി വിജനമായ ഇടവഴിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് പ്രതി അനുജനെയും കൂട്ടി കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിട്ടു.

ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും, മാനസികമായി തകർന്ന പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹപാഠിയോട് വിവരം തുറന്നുപറയുകയായിരുന്നു. കൂട്ടുകാരി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സമാനമായ കേസിൽ മുൻപും ശിക്ഷ അനുഭവിക്കപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ മറ്റൊരു പീഡനക്കേസ് വിചാരണ ഘട്ടത്തിലാണ്. തുമ്പ പോലീസ് ഇൻസ്പെക്ടർ ബിനു ആറിന്റെ നേതൃത്വത്തിൽ അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി.

Content Highlights: In a case where a 14-year-old girl—who was on her way to school with her younger brother—was abducted on a motorcycle by a man posing as a friend of her father and subsequently subjected to sexual assault, the accused has been sentenced to 13 years of rigorous imprisonment and a fine of ₹40,000. The sentence was handed down by Anju Meera Birla, Judge of the Thiruvananthapuram Special Fast Track Court, against Saddam Hussain (alias Kichamani, 35), a native of Pandalam, Pathanamthitta.




 

Leave a Reply