Wed. Nov 4th, 2026

✍️ സുരേഷ്. സി ആർ

“ഇന്ത്യയെ സ്വന്തം വാസസ്ഥാനമാക്കിയ എല്ലാവരും ഭാരതത്തിന്റെ മക്കളാണ്. ഇന്ത്യയിൽ വളർത്തുമക്കളില്ല”-

തത്വചിന്തകൻ, വിദ്യാഭ്യാസവിദഗ്ദൻ, സമർത്ഥനായ നയതന്ത്രപ്രതിനിധി, അനുഗ്രഹീതനായ പ്രാസംഗികൻ, ഗ്രന്ഥകാരൻ, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു ഡോ.എസ്.രാധാകൃഷ്ണൻ (1888 – 1975). ‘തത്ത്വജ്ഞാനികളുടെ രാജാവ്’ എന്നു വിശേഷിപ്പിക്കപ്പെട്ട എസ്.രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ രണ്ടു പ്രാവശ്യമായി തുടർച്ചയായി പത്ത് വർഷം (1952-62) ഉപരാഷ്ട്രപതിയായും 1962 മുതൽ 1967 വരെ രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചു.

തമിഴ്നാട്ടിലെ ചിറ്റൂർ ജില്ലയിൽ തിരുത്താണി ഗ്രാമത്തിൽ ജനനം. പുസ്തകങ്ങൾ കുട്ടിക്കാലം മുതൽക്കേ ഏറ്റവുമടുത്ത സുഹൃത്തുക്കളായി. 1908-ൽ ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്നും തത്ത്വശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. കുട്ടികൾക്ക് ട്യൂഷനെടുത്തു കിട്ടുന്ന പണം കൊണ്ടായിരുന്നു പഠനം. എം.എ.പരീക്ഷയ്ക്കു സമർപ്പിച്ച ‘വേദാന്തത്തിന്റെ ധർമ്മശാസ്ത്രം’ എന്ന പ്രബന്ധത്തിൽ വേദന്തത്തെക്കുറിച്ച് നിലനിന്ന പല ധാരണകളും തെറ്റാണെന്ന് സ്ഥാപിച്ചു.

1920-ൽ ലണ്ടനിൽനിന്ന് ‘സമകാലിക തത്ത്വശാസ്ത്രത്തിൽ മതത്തിന്റെ വാഴ്ച’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ വച്ചുനടന്ന തത്ത്വചിന്തകരുടെ സമ്മേളനത്തിൽ വിശ്വദാർശികനായ ബെസാങ്കെ’ക്കു തുല്യനായാണ് രാധാകൃഷ്ണനെ സമ്മേളനാധ്യക്ഷൻ സർ ഹിൻമാൻ വിശേഷിപ്പിച്ചത്.

അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിശ്വപ്രസിദ്ധ ദാർശനികൻ ബർട്രാൻഡ് റസ്സൽ പ്രസ്താവിച്ചത് “ദാർശനികർ ഭരണാധികാരികളാകുമ്പോൾ രാഷ്ട്രം ഔന്നത്യം പ്രാപിക്കുന്നു” എന്നാണ്.
ബ്രിട്ടീഷ് ചക്രവർത്തി ‘സർ’ സ്ഥാനം നൽകി ആദരിച്ചു. കൊൽക്കത്ത സർവകലാശാല ആയുഷ്കാല പ്രൊഫസറായി അംഗീകരിച്ചു. ആന്ധ്ര സർവകലാശാല ഡി.ലിറ്റ് നൽകി. പിന്നീട് ലോകത്തിലെ നിരവധി സർവകലാശാലകളിൽ നിന്നായി നൂറിൽപ്പരം ബിരുദങ്ങൾ ലഭിച്ചു. ഓക്സ്ഫഡ് സർവകലാശാലയിൽ പൗരസ്ത്യ മതങ്ങൾക്കും ധാർമിക ശാസ്ത്രങ്ങൾക്കും വേണ്ടിയുള്ള പ്രൊഫസറായി. ബ്രിട്ടീഷ് അക്കാഡമി ആദ്യമായി ‘ഒരിന്ത്യാക്കാരന് ‘ഫെലോ’ സ്ഥാനം നൽകുന്നത് രാധാകൃഷ്ണനാണ്.

സ്വതന്ത്ര ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന് വേണ്ടി 1948 നവംബർ 4-ന് രൂപീകരിച്ച യുണിവേഴ്സിറ്റി കമീഷൻ ചെയർമാൻ ഇദ്ദേഹമായിരുന്നു. 1948-ൽ കുറച്ചുകാലം യുനെസ്കോ ചെയർമാനായും 1949-ൽ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസിഡറുമായി. ജോസഫ് സ്റ്റാലിനുമായി നല്ല അടുപ്പത്തിലായിരുന്ന അദ്ദേഹം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കി.

‘മൈ സെർച്ച് ഫോർ ട്രൂത്ത്’ എന്ന ആത്മകഥയടക്കം ഇന്ത്യൻ തത്വശാസ്ത്രം, ടാഗോറിന്റെ തത്വശാസ്ത്രം, സമകാലിക തത്വശാസ്ത്രത്തിൽ മതത്തിന്റെ വാഴ്ച, പൗരസ്ത്യ മതങ്ങളും പാശ്ചാത്യ ചിന്തയും, സ്വാതന്ത്ര്യവും സംസ്കാരവും, ഇന്ത്യയും ചൈനയും, ഗൗതമ ബുദ്ധൻ, വിശ്വാസത്തിന്റെ പ്രതിസന്ധി തുടങ്ങി മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചു.

രാധാകൃഷ്ണന്റെ തത്ത്വശാസ്ത്രഗ്രന്ഥങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിൽ പാഠപുസ്തകങ്ങളായിട്ടുണ്ട്. ജർമൻ സമാധാനസമ്മാനവും 1954ൽ ഭാരതരത്നവും ലഭിച്ചു. ഡോ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ഭാരതമെങ്ങും അധ്യാപക ദിനമായി ആചരിച്ചു വരുന്നു.