Mon. Nov 23rd, 2026

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിക്ക് സമീപത്തുവച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മംഗലപുരം സ്വദേശി ഷംനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. കാട്ടാക്കടയിലെ ഒരു സ്വകാര്യബാങ്കിലെ ജീവനക്കാരനായ അഖില്‍കൃഷ്ണനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്‌. അറസ്റ്റിലായവർക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.

അഖില്‍കൃഷ്ണ ജോലികഴിഞ്ഞ് ചാത്തന്നൂരിലേക്ക് മടങ്ങാനായി ബൈക്കിൽ പഴകുറ്റിയിലെത്തിയപ്പോൾ ഒരു കാർ അലക്ഷ്യമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർക്കൊപ്പം ഇത് ചോദ്യം ചെയ്തു. ഇതോടെ അഖില്‍കൃഷ്ണയും കാറിലുണ്ടായിരുന്നവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അഖില്‍കൃഷ്ണയെ കാറിൽ പിന്തുടർന്ന സംഘം ഭീഷണിപ്പെടുത്തുകയും തേക്കടയിൽ എത്തിയപ്പോൾ അമിത വേഗത്തിൽ ഇയാളെ ഇടിച്ചിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഖില്‍കൃഷ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


അപകടത്തിന് പിന്നാലെ പൊലീസ് കാർ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതോടെ വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ രണ്ടുപേരെയും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ബന്ധുവീടുകളിൽ നിന്ന് ഇവർ പിടിയിലാവുകയായിരുന്നു. മദ്യലഹരിയിലാണ് അഖില്‍കൃഷ്ണനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചതെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു.